EntertainmentKERALAMKUWAIT

സംഗീത പ്രേമികൾക്ക് വിസ്മയാനുഭവം സമ്മാനിച്ച് “സിംഗ് ഹാല്ലെലൂയ്യ”

മെൻസ് വോയ്സ് & കോറൽ സൊസൈറ്റിയുടെ രജതജൂബിലി ഉപഹാരം

തിരുവല്ല: മെൻസ് വോയ്സ് & കോറൽ സൊസൈറ്റി, കുവൈറ്റ് സംഘടിപ്പിച്ച ത്രിദിന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ലയിൽ അവതരിപ്പിച്ച സംഗീത ശില്പം “സിംഗ് ഹാല്ലെലൂയ്യ” സംഗീതപ്രേമികൾക്ക് അതിമനോഹരമായ അനുഭവമായി. ഡോ. അലക്സാണ്ടർ മാർത്തോമാ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൺവെൻഷണൽ പശ്ചാത്യ സംഗീതത്തിന്റെ അനുഭൂതിയും, പൗരസ്ത്യ സംഗീതത്തിന്റെ ആത്മാവും നിറഞ്ഞു ചേരുകയായിരുന്നു.
സി എസ് ഐ മദ്ധ്യകേരള മഹായിടവകയുടെ മുൻ അധ്യക്ഷൻ റെറ്റ്. റവ. തോമസ് സാമുവൽ തിരുമേനിയുടെ പ്രാർഥനയോടെ ആരംഭിച്ച സംഗീത വിരുന്നിൽ പ്രസിഡന്റ് നൈനാൻ ജോസഫ് സ്വാഗതം പറഞ്ഞു. സ്ഥാപക ക്വയർ മാസ്റ്റർ സണ്ണി മാലിയിൽ ആശംസ നേർന്നു. പരിപാടിയുടെ മുഖ്യ സന്ദേശം കൈമാറിയത് പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ് ആയിരുന്നു. ജനറൽ കൺവീനർ ഇട്ടി മാമ്മൻ നന്ദി പ്രകാശിപ്പിച്ചു.

92 അംഗങ്ങളടങ്ങിയ മെൻസ് വോയ്സ് & കോറൽ സൊസൈറ്റിക്കൊപ്പം കേരളത്തിലെ പ്രമുഖ ഗായകസംഘങ്ങളായ തിരുവല്ല യൂത്ത് കോറസ്, ദ തിരുവല്ല മെയിൽ വോയ്സസ് & കോറൽ സൊസൈറ്റി, ചെങ്ങന്നൂർ ഹെറാൾഡ്സ്, കുമ്പനാട് പ്രൊവിഡന്റ്സ് മിഷൻ വോയ്സ് തുടങ്ങിയവയും വേദി പങ്കിട്ടു. 282 അംഗ മാസ്സ് ക്വയറിനെ പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവും മുഖ്യ ക്വയർ മാസ്റ്റർ അജിത് ബാബുവും നയിച്ചു. ലോകപ്രശസ്തനായ ജോർജ് ഫ്രഡറിക് ഹാന്റലിന്റെ ഹാല്ലെലൂയ്യ കോറസ്സിനൊപ്പം അസിസ്റ്റന്റ് ക്വയർ മാസ്റ്റർ റിജോ ഏബ്രഹാം മാത്യു തന്റെ മാന്ത്രിക വിരലുകളാൽ പിയാനോയിൽ വിസ്മയം തീർത്തു.

ഹാർമണി സംഗീത ലോകത്തെ സംഭാവനകളെ ആദരിച്ച്, “ബീക്കൺ ഓഫ് മ്യൂസിക് അവാർഡ്” ജെറി അമൽദേവിനും
“എക്സലന്റ്സ് ഇൻ സേക്രഡ് മ്യൂസിക് ഹാർമണി & ഓർക്കസ്ട്രേഷൻ അവാർഡ്” തോമസ് ജേക്കബ് കൈതയിലിനും
സമ്മാനിച്ചു.
സ്ഥാപക ക്വയർ മാസ്റ്റർ സണ്ണി മാലിയിൽ , പ്രഥമ പ്രസിഡന്റ് സാജൻ കല്ലുപാലം , മുൻ ക്വയറ്മാസ്റ്റർമാരായ സാം സി. ഏബ്രഹാം, ലൂക്കോസ് എം. പോൾ, മിഥുൻ ഉമ്മൻ എന്നിവരെയും ആദരിച്ചു. ഫേവറിറ്റ് ഹോംസ്, ട്രാംസ് ലമ്പാർ കമ്പനി, കുവൈറ്റ് തുടങ്ങിയ മുഖ്യ സ്പോൺസർമാരെയും മെമന്റൊ നൽകി ആദരിച്ചു.

പാശ്ചാത്യ പൗരസ്ത്യ ഗാനങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള സംഗീതശില്പത്തിന് ബോബി ജോർജ് കുര്യനും ജൂലിയാൻ മെറിയാ ജോർജുമാണ് അവതാരകരായി എത്തിയത് . ത്രിദിന രജതജൂബിലി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത് ജനറൽ കൺവീനർ ഇട്ടി മാമ്മനും കുവൈറ്റ് ഓർഗനൈസർ തോമസ് തോമസും നയിച്ച 25 അംഗ ജോയിന്റ് കമ്മറ്റിയാണ്.