General

കരുതലായ് കാവലായ്: സമ്മാനദാനവും അനുമോദനവും നടന്നു

ഭാവി തലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കുക സമൂഹത്തിലെ എല്ലാവരുടെയും ദൗത്യം: മന്ത്രി ഡോ. ആർ. ബിന്ദു

ഭാവി തലമുറയെ ലഹരി എന്ന വിപത്തിൽ നിന്ന് രക്ഷിക്കുക എന്നത് സമൂഹത്തിലെ ഓരോരുത്തരും ഏറ്റെടുക്കേണ്ട ദൗത്യമാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തൃശ്ശൂർ റൂറൽ പോലീസിൻ്റെ നേതൃത്വത്തിൽ ‘കരുതലായ് കാവലായ് ‘ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ലഹരി സമൂഹത്തെ കാർന്നു തിന്നുകയാണ്. ലഹരിക്കെതിരായി നാം ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.
കുടുംബത്തിന് ഒന്നിച്ചിരിക്കാനും എല്ലാം തുറന്ന് പറയാനുമുള്ള അന്തരീക്ഷവും
സ്നേഹവും സാഹോദര്യവും നൈപുണ്യവും നിറയുന്ന സാമൂഹികാന്തരീക്ഷം ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. അതിനുള്ള പരിശ്രമങ്ങളാണ് നാം ശക്തിപ്പെടുത്തേണ്ടത്. കുട്ടികളെ സർഗാത്മകതയുടെയും സാമൂഹ്യ ഇടപെടലുകളുടെയും ഭാഗമായി വിവിധ പരിപാടികളിലേക്ക് നയിക്കുന്നതിലൂടെ ലഹരിയിലേക്കുള്ള ദൂരം കുറയുമെന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂർ റൂറൽ പോലീസിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരി മാഫിയയിൽ നിന്നും രക്ഷിക്കുന്നതിനായി ലഹരി വിരുദ്ധ പ്രചരണ പരിപാടി ‘കരുതലായ് കാവലായ് ‘ നടന്നുവരികയാണ്. സ്കൂൾ പ്രവേശനോത്സവത്തിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് യോദ്ധാവ്, ചിരി, ചൈൽഡ് ഹെൽപ് ലൈൻ, എമർജൻസി ഹെൽപ്പ് ലൈൻ, സൈബർ ഹെൽപ്പ് ലൈൻ എന്നിവയുടെ നമ്പറുകളും, ലഹരി വിരുദ്ധ സന്ദേശവും അടങ്ങിയ നെയിംസ്ലിപ്പ് വിതരണം ചെയ്തിരുന്നു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് തൃശൂർ റൂറൽ പരിധിയിലെ അഞ്ഞൂറോളം വിദ്യാലയങ്ങളിൽ ലഹരിമുക്ത വിദ്യാലയം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് റീൽസ്, പ്രസംഗം, പെയിന്റിംഗ്, ഫ്ലാഷ് മോബ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചത്. വിജയികളായ രണ്ടായിരത്തോളം വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെൻ്ററിൽ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ മേഖലാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഹരിശങ്കർ മുഖ്യാതിഥിയായി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ, ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. ജി. സുരേഷ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.ആർ. ബിജോയ് എന്നിവർ പങ്കെടുത്തു.