നവീകരിച്ച മാലിന്യ സംസ്കരണ പ്ലാൻ്റ് ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു
മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ലിനി ടീച്ചർ വിശിഷ്ടാതിഥിയായി.
ഇന്ന് കേരളത്തിൽ 1034 തദ്ദേശ സ്ഥാപനങ്ങളിൽ 1020 ഇടത്തും സ്വന്തമായി എം സി എഫുകൾ ഉണ്ടെന്നും കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിലാണ് എം സി എഫുകളുടെ കാര്യത്തിൽ ഇത്രയും വലിയ വർധന ഉണ്ടായതെന്നും ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മന്ത്രി പറഞ്ഞു. ഹരിത കർമ സേനാംഗങ്ങൾ കേരളത്തിൽ ഇല്ലാതിരുന്നെങ്കിൽ കേരളം ജീവിക്കാൻ പറ്റാത്ത ഇടമായി മാറിയേനെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹരിത കർമ സേനാംഗങ്ങൾക്കെതിരെ വലിയ പ്രചരണം നടന്നപ്പോഴും അവരെ അധിക്ഷേപങ്ങൾക്ക് വിട്ട് കൊടുക്കാതെ സർക്കാർ ചേർത്ത് നിർത്തി. 2024-25 വർഷം ഹരിത കർമസേന കേരളത്തിൽ ശേഖരിച്ചത് ഒരു ലക്ഷത്തി അമ്പത്തിരണ്ടായിരം ടൺ മാലിന്യമാണെന്നും അങ്ങനെയുള്ള ഹരിത കർമ സേനയുടെ പ്രാധാന്യം മനസിലാക്കാത്ത ചിലരാണ് ഹരിതകർമസേനാംഗങ്ങൾക്കെതിരെ പ്രചാരണം നടത്തിയതെന്നും മന്ത്രി പറഞ്ഞു. മാലിന്യ നിർമാർജനത്തിലും മാലിന്യ സംസ്കരണത്തിലും കേരളം രാജ്യത്തിനു വഴി കാണിക്കുന്ന വിവിധ കാര്യങ്ങളെ കുറിച്ച് ഉദാഹരണ സഹിതം മന്ത്രി സൂചിപ്പിച്ചു. ഹരിത കർമ സേനാംഗങ്ങളുടെ വർദ്ധിപ്പിച്ച ഓണം ഇൻസെന്റീവിനെ കുറിച്ചും മന്ത്രി സംസാരിച്ചു. മാലിന്യ സംസ്കരണ പ്ലാന്റിൻ്റെ പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് മന്ത്രി വിശദീകരിച്ചു.
ഒരു കൊല്ലത്തിനുള്ളിൽ കേരളം ഇന്ത്യയിലെ മാലിന്യ മലകളില്ലാത്ത ഏക സംസ്ഥാനമായി മാറുമെന്നും കേരളത്തിലെ വലിയ 25 മാലിന്യ മലകൾ ഇല്ലാതായി, 20 മാലിന്യ മലകൾ നീക്കുന്നതിനുളള പ്രവർത്തനങ്ങൾ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു. കേരളത്തിൽ മൂന്ന് മാസത്തിനുള്ളിൽ ഖരമാലിന്യം പൂർണമായും ഇന്ധനമാക്കി മാറ്റാനുള്ള ആറ് പ്ലാന്റുകളുടെ പ്രവർത്തനം പൂർത്തിയാക്കും. ആറ് മാസത്തിനുള്ളിൽ നാല് മേഖലകളിലായി നാല് പ്ലാന്റുകൾ സ്ഥാപിച്ചു കൊണ്ട് കേരളത്തിൽ ഉണ്ടാക്കുന്ന മുഴുവൻ സാനിറ്ററി വേസ്റ്റും പൂർണമായി സംസ്കരിക്കാനുള്ള ശേഷി കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ നിർമാർജനത്തിൽ ഉണ്ടായ മാറ്റങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിന് ചുമത്തിയ പിഴയുടെ പങ്കിനെ കുറിച്ചും പൊതുജങ്ങൾക്ക് അതിൽ വഹിക്കാവുന്ന പങ്കിനെ കുറിച്ചും മന്ത്രി സൂചിപ്പിച്ചു.
നാല് ഘട്ടങ്ങളിലായാണ് മാലിന്യ സംസ്കരണ പ്ലാന്റിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രൊജെക്ടുകൾ വിഭാവനം ചെയ്ത് അംഗീകാരം നേടിയത്. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രം ഈ പ്ലാന്റിനായി ആകെ മൊത്തം 94 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഒന്നാം ഘട്ടം ആയി സി എഫ് സി ടൈഡ് ഫണ്ടും തനതു ഫണ്ടും ചേർത്ത് 37 ലക്ഷവും രണ്ടാം ഘട്ടമായി സി എഫ് സി ടൈഡ് ഫണ്ടും തനതു ഫണ്ടും ചേർത്ത് 30 ലക്ഷവും ആയി ആകെ 67 ലക്ഷം രൂപ വകയിരുത്തി 64,36,398 രൂപ ചിലവഴിച്ച് നാളിതു വരെയുള്ള പ്രവർത്തനങ്ങൾ ഭംഗിയായി നടത്തി. തുടർന്ന് മൂന്നാം ഘട്ടമായി കേന്ദ്രാവിഷ്കൃത ഫണ്ടും തനത് ഫണ്ടും ചേർത്ത് 12 ലക്ഷം രൂപയുടെയും നാലാം ഘട്ടമായി തനത് ഫണ്ട് മാത്രം 15 ലക്ഷം രൂപയുടെയും പ്രൊജെക്ടുകൾ വിഭാവനം ചെയ്ത് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നേടി.
വീടുകളിൽ നിന്നുള്ള മാലിന്യം ഹരിത കർമസേന ശേഖരിച്ച് മാലിന്യ പ്ലാന്റിൽ എത്തിക്കും. പ്ലാന്റിൽ എത്തിക്കുന്ന ജൈവ മാലിന്യം കമ്പോസ്റ്റ് രൂപത്തിൽ സംസ്കരിക്കും. പ്ലാസ്റ്റിക്, റീസൈക്ലബിൾസ് എന്നിവ പ്രത്യേക യൂണിറ്റുകളിലേക്ക് എത്തിക്കും. ഈ പദ്ധതിയിലൂടെ പരിസ്ഥിതി മലിനീകരണം കുറയുകയും നമ്മുടെ നാട് കൂടുതൽ ശുചിത്വമുള്ളതാകുകയും ശാസ്ത്രീയ സംസ്കരണം മൂലം ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും.
ഹരിത കർമ സേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണം മന്ത്രി നിർവഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് എ ഇ ഷഫീക്ക് മുഹമ്മദ് പദ്ധതി വിശദികരണം നടത്തി. അടാട്ട് ഗ്രാമപഞ്ചായ്ത്ത് പ്രസിഡണ്ട് സിമി അജിത്ത് കുമാർ സ്വാഗതവും അടാട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വാസുദേവൻ നന്ദിയും പറഞ്ഞു.
പാരിക്കാട് പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ അടാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ശ്രീനിവാസൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ്മ അഭിലാഷ് , പഞ്ചായത്തംഗങ്ങളായ എ. ബി ബിജീഷ്, സോണി തരകൻ, വി. എൻ മോഹിനി, ബിനിത തോമസ്, മിനി സൈമൺ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എ. സുകുമാരൻ, ഐ ആർ ടി സി പ്രതിനിധി ഗ്രീഷ്മ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കെ. എസ് സുഭാഷ്, കെ കെ ചന്ദ്രൻ, പി. പി പ്രിയൻ അടാട്ട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.ഡി പ്രതീഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഹരിത കർമ സേനാംഗങ്ങൾ , ഹരിത കേരള മിഷൻ , ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.



