വികസനത്തിൻ്റെ കൈപിടിച്ച് എടക്കഴിയൂർ മത്സ്യഗ്രാമം
എടക്കഴിയൂർ ഫിഷറീസ് ഉന്നതി നിവാസികൾക്ക് വീടൊരുങ്ങുന്നു
മത്സ്യഗ്രാമം പദ്ധതിയുടെ ശിലാസ്ഥാപനം കഴിഞ്ഞതോടെ ഏറെ പ്രതീക്ഷയിലാണ് എടക്കഴിയൂരിലെ മത്സ്യതൊഴിലാളികളും തീരദേശ നിവാസികളും. ജില്ലയിലെ തന്നെ ഏക മത്സ്യഗ്രാമവും സംസ്ഥാനത്ത് നിന്നും തെരഞ്ഞെടുത്ത ഒമ്പത് തീരദേശ മത്സ്യഗ്രാമങ്ങളിൽ ഒന്നുമാണ് ചാവക്കാട് താലൂക്കിലെ പുന്നയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എടക്കഴിയൂർ. എടക്കഴിയൂരിൻ്റെ സാമ്പത്തികവും സാമൂഹികവുമായ സമഗ്രപുരോഗതി മത്സ്യഗ്രാമം പദ്ധതിയിലൂടെ സാധ്യമാകും. കേരള സംസ്ഥാന തീരദേശ വികസ കോർപറേഷനാണ് പദ്ധതിയുടെ നടത്തിപ്പ്.
മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിനുളള നിർമ്മാണ പ്രവർത്തനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്ക് ജീവനോപാധികൾ വിതരണം ചെയ്യുന്നതിനുമായി 6.91 കോടി രൂപയുടെ പദ്ധതികളാണ് എടക്കഴിയൂർ മത്സ്യഗ്രാമത്തിൽ നടപ്പിലാക്കുന്നത്. അതിൽ 3.34 കോടി രൂപ സംസ്ഥാന വിഹിതവും 3.57 കോടി രൂപ കേന്ദ്ര വിഹിതവുമാണ്. എടക്കഴിയൂരിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഏഴ് ഘടക പദ്ധതികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാവുമ്പോൾ അതിൽ ഏറ്റവും കൂടുതൽ ഗുണഫലം ലഭിക്കാൻ പോകുന്നത് എടക്കഴിയൂർ ഫിഷറീസ് ഉന്നതി നിവാസികൾക്കാണ്.
1972 ൽ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് നിർമിച്ച് നൽകിയ 53 വർഷത്തോളം പഴക്കമുള്ള ഇരട്ടവീടുകളിലാണ് ഉന്നതി നിവാസികളായ മത്സ്യതൊഴിലാളികളും അവരുടെ കുടുംബങ്ങളും കഴിഞ്ഞിരുന്നത്. പട്ടയം ലഭ്യമല്ലാതിരുന്നതിനാൽ ഉന്നതി നിവാസികൾക്ക് വീടുകളുടെ നവീകരണത്തിനും മറ്റ് അറ്റകുറ്റപ്പണികൾക്കും സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. 25 കുടുംബങ്ങൾ ഉള്ളതിൽ പത്ത് കുടുംബങ്ങൾക്ക് നേരത്തെ പട്ടയം ലഭിച്ചിരുന്നെങ്കിലും ബാക്കി 15 കുടുംബങ്ങൾക്ക് സാങ്കേതിക പ്രശ്നങ്ങൾ കാരണം പട്ടയം ലഭിക്കാതിരുന്നത് അടച്ചുറപ്പും സുരക്ഷിതത്വവുമുള്ള വീടെന്ന ഫിഷറീസ് ഉന്നതി നിവാസികളുടെ സ്വപ്നത്തെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുന്നത് സംസ്ഥാന സർക്കാരിൻ്റെ അടിയന്തര ഇടപെടലിലൂടെയാണ്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ തീരദേശ സദസ്സ് നടത്തുന്നതിൻ്റെ ഭാഗമായെത്തിയപ്പോൾ എൻ. ഒ. സി ലഭ്യമാക്കുന്നതിനായി നടത്തിയ ഇടപെടലും തുടർന്ന് പട്ടയം ലഭിക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജൻ, എൻ കെ അക്ബർ എം എൽ എയും, പഞ്ചായത്ത് ഭരണസമിതിയും നടത്തിയ ഇടപെടലുകളോടെയുമാണ് ബാക്കിയുള്ള 15 കുടുംബങ്ങൾക്ക് ഗുരുവായൂർ നിയോജക മണ്ഡലം പട്ടയമേളയിലൂടെ പട്ടയം ലഭിക്കുന്നതിനും, ഇതുവഴി മത്സ്യഗ്രാമം പദ്ധതിയുടെ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ വകയിരുത്തി ഉന്നതിയിലെ വീടുകളുടെ നിർമാണത്തിനും മറ്റ് അറ്റകുറ്റപ്പണികൾക്കും വഴിയൊരുങ്ങിയത്.
കരാറിലെത്തിയ 24 വീടുകളിൽ 20 വീടുകൾ പൊളിച്ച് പുതുക്കി പണിയുന്നതിനും നാല് വീടുകൾ അറ്റകുറ്റപ്ണി നടത്തുന്നതിനുമായാണ് രണ്ട് കോടി രൂപ വകയിരുത്തിയിരിക്കുന്നത്. ഒരു വീട് പൊളിച്ച് പണിയുന്നതിനായ് 8.75 ലക്ഷം രൂപയും അറ്റകുറ്റപ്പണി നടത്തുന്നതിനായി രണ്ട് ലക്ഷം രൂപയുമാണ് വകയിരുത്തിരിക്കുന്നത്. പദ്ധതി വരുന്നതോടെ മത്സ്യത്തൊഴിലാളികൾക്ക് അവരുടെ വള്ളങ്ങളും മറ്റ് ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്തുന്നതിന് പൊന്നാനിയിലോ, ചേറ്റുവയിലോ ഉള്ള ഒ ബി എം റിപ്പയർ സെൻ്ററുകളെ ആശ്രയിക്കേണ്ടതില്ല. എടക്കഴിയൂരിൽ ഒ ബി എം റിപ്പയർ സെൻ്ററുകളുടെ നിർമാണത്തിനായി 29 ലക്ഷം രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകൾ നന്നാക്കുന്നതിനുള്ള നെറ്റ് മെൻ്റിംഗ് യാർഡിൻ്റെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ അംഗങ്ങളായ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള സീഫുഡ് കഫെറ്റീരിയ/ഫിഷ് പ്രൊഡക്ട് ഔട്ട്ലെറ്റുകൾ, ഫിഷ് ലാൻഡിങ്ങ് സെൻ്റർ, പ്രകൃതി ദുരന്തങ്ങളിൽ നിന്ന് തീരപ്രദേശത്തെ സംരക്ഷിക്കുന്നതിനായുള്ള കോസ്റ്റൽ ബയോ ഷീൽഡ്, മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലോക്കർ റൂം, പുനരധിവാസ-ജാഗ്രതാ കേന്ദ്രം, വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെൻ്റ് സെൻ്റർ, മത്സ്യ സമ്പത്തിനെ പരിപോഷിപ്പിക്കുന്നതിനുള്ള കൃത്രിമ പാരുകൾ, ടോയ്ലറ്റ് ബ്ലോക്കുകൾ കൂടാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി എടക്കഴിയൂരിൽ സാധ്യമാകും. ഇതോടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ബുദ്ധിമുട്ടിയിരുന്ന എടക്കഴിയൂർ നിവാസികൾക്ക് പദ്ധതി വലിയ ആശ്വാസമാകും.
മത്സ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ 2020-21 സാമ്പത്തിക വർഷം മുതൽ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.
എടക്കഴിയൂർ മത്സ്യഗ്രാമത്തെ കൂടാതെ ആലപ്പുഴ ജില്ലയിൽ ആറാട്ടുപുഴ മത്സ്യഗ്രാമം, എറണാകുളം ജില്ലയിൽ ചെല്ലാനം, നായരമ്പലം മത്സ്യഗ്രാമങ്ങൾ, മലപ്പുറം ജില്ലയിൽ പൊന്നാനി, താനൂർ മത്സ്യഗ്രാമങ്ങൾ, കോഴിക്കോട് ജില്ലയിൽ ചാലിയം മത്സ്യഗ്രാമം, കണ്ണൂർ ജില്ലയിൽ ചാലിൽ ഗോപാൽപേട്ട മത്സ്യഗ്രാമം, കാസർഗോഡ് ജില്ലയിൽ ഷിറിയ മത്സ്യഗ്രാമം എന്നീ തീരദേശ മത്സ്യഗ്രാമങ്ങളിലാണ് നിലവിൽ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്.



