THRISSUR

ചീഫ് മിനിസ്റ്റേഴ്സ് കപ്പിന് സ്വീകരണം നൽകി

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ആദ്യ വർഷമാണിത്. സംസ്ഥാന കലാമേളയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുന്ന ജില്ലക്ക് ലഭിക്കുന്ന 117 പവൻ സ്വർണ കപ്പിന് തുല്യമായി സംസ്ഥാന കായികമേളയ്ക്ക് ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്ക് 117പവൻ സ്വർണക്കപ്പ് ഏർപ്പെടുത്തിയ ആദ്യവർഷം കൂടിയാണ് 2025. കഴിഞ്ഞവർഷം സംസ്ഥാന കായികമേളയിൽ ഓവറോൾ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു തൃശൂർ ജില്ല.

കാസർഗോഡ് നിന്ന് പ്രയാണം ആരംഭിച്ച സ്വർണക്കപ്പ്, തൃശൂർ ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ എത്തിച്ചേർന്നപ്പോൾ, തൃശൂർ കോർപ്പറേഷൻ മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ ചേർന്ന് പരീക്ഷ ജോയിൻറ്റ് കമ്മീഷണർ ഗിരീഷ് ചോലയിലിൽ നിന്ന് ഏറ്റുവാങ്ങി. തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ എസ്.പി.സി, ഗൈഡ്സ്, ബാൻഡ് മേളം എന്നിവ ഉണ്ടായിരുന്നു. പ്രവേശന കവാടത്തിൽ എത്തിച്ചേർന്ന സ്വർണ്ണ കപ്പിന് ഗാർഡ് ഓഫ് ഓണർ നൽകിക്കൊണ്ടാണ് വിദ്യാർത്ഥികൾ വരവേറ്റത്. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ, സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ എം.എൽ. റോസി അധ്യക്ഷത വഹിച്ചു. മേയർ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ബിന്ദു. കെ.പി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അനിത.എം.എ., വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്വർണ കപ്പിന് ഹാരാർപ്പണം നടത്തി. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ജോഫി.സി. മഞ്ഞളി കൃതജ്ഞത പറഞ്ഞു.

ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരം ജില്ലയിലാണ് കായികമേള നടക്കുന്നത്. കാസർഗോഡ് നിന്ന് പ്രയാണം ആരംഭിച്ച സ്വർണക്കപ്പ് വയനാട്, കണ്ണൂർ,കോഴിക്കോട്, മലപ്പുറം, പാലക്കാട്, ജില്ലകളിൽ സ്വീകരണം ഏറ്റു വാങ്ങിയിട്ടാണ് തൃശ്ശൂർ ജില്ലയിൽ ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ എത്തിച്ചേർന്നത്.