ചരിത്രം കുറിച്ച് പരമിത ത്രിപാഠി; കുവൈറ്റിലെ ആദ്യ വനിതാ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റു
കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കുവൈറ്റിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി പരമിത ത്രിപാഠി ചുമതലയേറ്റു. ഇന്ന് (ഏപ്രിൽ 21, 2026) ബയാൻ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അവർ കുവൈറ്റ് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് തന്റെ ക്രെഡൻഷ്യലുകൾ (ഔദ്യോഗിക പത്രിക) സമർപ്പിച്ചു.
കുവൈറ്റിലെ ഇന്ത്യയുടെ ഇരുപതാമത് സ്ഥാനപതിയായ പാരാമിത ത്രിപാഠി, ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. കൊട്ടാരത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിക്കൊണ്ടാണ് സ്ഥാനപതിയെ സ്വീകരിച്ചത്.
ഊഷ്മള സ്വീകരണം: പുതിയ സ്ഥാനപതിയെ സ്വാഗതം ചെയ്ത കുവൈറ്റ് അമീർ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തെയും നാഗരിക ബന്ധങ്ങളെയും പ്രശംസിച്ചു. ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് കുവൈറ്റ് വലിയ പ്രാധാന്യം നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ നേതൃത്വത്തിന്റെ ആശംസകൾ: ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ആശംസകൾ അംബാസഡർ അമീറിനെ അറിയിച്ചു. ഗൾഫ് മേഖലയിലെ വിശ്വസ്ത സുഹൃത്തായ കുവൈറ്റുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ താൽപ്പര്യം അവർ ചടങ്ങിൽ ആവർത്തിച്ചു.
ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് നന്ദി: കുവൈറ്റിലെ ഏകദേശം പത്തുലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹം ഇരുരാജ്യങ്ങൾക്കുമിടയിലെ സജീവമായ പാലമാണെന്ന് സ്ഥാനപതി വിശേഷിപ്പിച്ചു. അവർക്ക് കുവൈറ്റ് നൽകുന്ന പിന്തുണയ്ക്ക് അവർ പ്രത്യേക നന്ദി രേഖപ്പെടുത്തി.
65 വർഷത്തെ നയതന്ത്ര ബന്ധം: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ 65-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ സ്ഥാനപതിയുടെ ചുമതലയേറ്റെടുക്കൽ.
സഹകരണ മേഖലകൾ: വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജ്ജം, ആരോഗ്യം, ശാസ്ത്ര-സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ കുവൈറ്റുമായി സഹകരിച്ച് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ശക്തമാക്കുമെന്ന് സ്ഥാനപതി അറിയിച്ചു.
മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും കുവൈറ്റിനൊപ്പം നിലകൊള്ളുന്നതായും അന്താരാഷ്ട്ര നിയമങ്ങളെയും നിയമവാഴ്ചയെയും ഉയർത്തിപ്പിടിക്കുന്നതിൽ ഇരുരാജ്യങ്ങളും ഒരേ നിലപാടിലാണെന്നും പരമിത ത്രിപാഠി വ്യക്തമാക്കി.



