മുഖ്യമന്ത്രിയുടെ കുവൈറ്റ് സന്ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
കുവൈറ്റ് സിറ്റി: 28 വർഷങ്ങൾക്ക് ശേഷം കുവൈറ്റ് സന്ദർശിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ കുവൈറ്റ് സജ്ജമായി. സംസ്ഥാനത്തിൻ്റെ ജനനായകനായ മുഖ്യമന്ത്രിയെ വരവേൽക്കാൻ മലയാളി സമൂഹം ആവേശത്തിലാണ്. ഒരുക്കങ്ങൾ മുഴുവൻ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വ്യാഴാഴ്ച്ച കുവൈറ്റിൽ എത്തുന്ന മുഖ്യമന്ത്രി അന്നേ ദിവസം ചില ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കും. വെള്ളിയാഴ്ച്ച വൈകുന്നേരം മൻസൂരിയായിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മഹാസമ്മേളനത്തിലാണ് അദ്ദേഹം കുവൈറ്റ് മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക.

കുവൈറ്റിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് മലയാളികൾ ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. കുവൈറ്റിലെ ഏകദേശം അറുപതോളം മലയാളി സംഘടനകൾ ചേർന്നാണ് ഈ സ്വീകരണ പരിപാടിക്ക് ഒരുക്കങ്ങൾ നടത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ വാഹനസൗകര്യം കുവൈറ്റിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. മഹാസമ്മേളനം വിജയകരമാക്കാനും കുവൈറ്റ് കണ്ട എക്കാലത്തെയും മികച്ച പരിപാടിയായി മാറ്റാനുമായി എല്ലാ മലയാളികളുടെയും സഹകരണം അഭ്യർത്ഥിച്ച് സംഘാടക സമിതിക്ക് വേണ്ടി ടി. വി. ഹിക്മത്യും മലയാളം ഭാഷാമിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജിയും പ്രസ്താവന നൽകി.



