THRISSUR

മൂന്നുപീടിക ഷോപ്പിംഗ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യത്തിലേക്ക്

പെരിഞ്ഞനം: പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൻ്റെയും വ്യാപാരികളുടെയും ദീര്‍ഘകാല സ്വപ്നമായ പെരിഞ്ഞനം മൂന്നുപീടിക ഷോപ്പിംഗ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യത്തിലേക്ക്. കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കര്‍മ്മം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിനിത മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയില്‍ മൂന്നുപീടിക മാര്‍ക്കറ്റിനോട് ചേര്‍ന്ന് നിന്നിരുന്ന പഴയ കെട്ടിടം കാലപ്പഴക്കത്താല്‍ പൊളിഞ്ഞു വീണതിനാല്‍ വ്യാപാരികളെ ഒഴിപ്പിച്ച് പൊളിച്ചു നീക്കിയിരുന്നു. ഗ്രാമപഞ്ചായത്തിൻ്റെ വികസനം മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ കയ്പമംഗലം മണ്ഡലത്തില്‍ നടത്തിയ നവകേരള സദസ്സില്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി സമര്‍പ്പിച്ച അപേക്ഷ പ്രകാരമാണ് നാല് കോടി ചെലവില്‍ ഷോപ്പിങ് കോംപ്ലക്‌സിസ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

സ്ഥലത്തിൻ്റെ മണ്ണ് പരിശോധന പൂര്‍ത്തിയായി. മൂന്ന് നിലകളിലായി 20,600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വിഭാവനം ചെയ്തിട്ടുള്ള ഷോപ്പിങ്ങ് കോംപ്ലക്‌സ് കെട്ടിട നിര്‍മ്മാണത്തിന് എല്‍ എസ് ജി ഡി ചീഫ് എഞ്ചിനിയറുടെ സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ട്. പഴയ മാര്‍ക്കറ്റിൻ്റെ തനിമ നിലനിര്‍ത്തുന്ന വിധത്തില്‍ ഒന്നാം നിലയില്‍ കടമുറികളും ഓഫീസ് മുറികളും, രണ്ട് കോണ്‍ഫറന്‍സ് ഹാളും ഉള്‍പ്പെടെയാണ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്കാണ് നിര്‍വ്വഹണ ചുമതല. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്‍.കെ അബ്ദുള്‍ നാസര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ. ആര്‍. ഷീല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സായിദ മുത്തുക്കോയ തങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കരീം, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം സുജ ശിവരാമന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഹര്‍ഷകുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റഫീഖ്, വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് എം.കെ.എം ഇഖ്ബാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.