THRISSUR

സമ്പാദ്യ കുടുക്കയിലെ കരുതൽ ധനം അദ്ധ്യാപികയുടെ തിരഞ്ഞെടുപ്പിനായി നല്കി

തളിക്കുളം: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വലപ്പാട് ഡിവിഷനിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ധ്യാപിക ഷാമില സലീമിന് വിദ്യാർത്ഥികളും സഹപ്രവർത്തകരും നൽകിയ പിന്തുണ ഗ്രാമത്തിൽ ഉദാരപരമായ ഒരു മാതൃകയായി മാറുന്നു. തൻ്റെ ട്യൂഷൻ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സമ്പാദ്യക്കുടുക്കയിൽ സൂക്ഷിച്ചിരുന്ന സ്വന്തം കരുതൽ ധനം തിരഞ്ഞെടുപ്പ് ചെലവിനായി ടീച്ചർക്ക് കൈമാറിയത് ഹൃദയസ്പർശിയായി. രണ്ട് പതിറ്റാണ്ടിലേറെയായി വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം ഉയർത്താൻ സമർപ്പണത്തോടെ പ്രവർത്തിക്കുന്ന അധ്യാപികയായ ഷാമില സലീമിൻ്റെ വ്യക്തിപരമായ പ്രചോദനമാണ് കുട്ടികളെ ഇത്തരമൊരു മനോഹര പ്രവൃത്തിയിലേക്ക് നയിച്ചത്. പ്രിയ വിദ്യാർത്ഥികളായ മുഹമ്മദ് നിഹാൽ, നൈസ, നിസാൽ തുടങ്ങിയവരടങ്ങുന്ന കുട്ടികൾ ചേർന്നാണ് സമ്പാദ്യധനം ടീച്ചർക്ക് നൽകിയത്.

ക്ലാസിലെ മറ്റ് വിദ്യാർത്ഥികളും സഹഅദ്ധ്യാപകരും ഒത്തുചേർന്ന് പണത്തുക കൈമാറി ടീച്ചറിന് വിജയാശംസകൾ നേരുകയും ചെയ്തു. കുട്ടികളുടെ നിർമലമായ സ്‌നേഹവും പിന്തുണയും ഷാമില സലീമിനെ അതീവ സന്തോഷത്തിലാക്കി. ജനസേവനത്തിലും ജീവകാരുണ്യ രംഗത്തും ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തുന്ന എം. എ. സലിമിൻ്റെ ഭാര്യയാണ് ഷാമില സലീം. മക്കളായ മുഹമ്മദ് സിയാസ്, മുഹമ്മദ് നിയാസ് എന്നിവർ ഉന്നത വിദ്യാഭ്യാസ പഠനത്തിലാണ്. കുടുംബത്തിൻ്റെ പിന്തുണയോടെയും സമൂഹത്തിൻ്റെ വിശ്വാസത്തോടെയും തെരഞ്ഞെടുപ്പുമൈതാനിയിൽ ശക്തമായ സാന്നിധ്യമായി മാറുകയാണ് ഷാമില സലീം.