മണപ്പുറം വയോജന ക്ഷേമ സമിതി പുരസ്‌കാരങ്ങൾ സമർപ്പിച്ചു
തൃപ്രയാർ: മണപ്പുറം വയോജന ക്ഷേമ സമിതിയുടെ പുരസ്‌കാരങ്ങൾ സമർപ്പിച്ചു. സമിതിയുടെ പതിനാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച നിയമസഭാ സമാജികനുള്ള ഡോ. ബി.ആർ. അംബേദ്കർ പുരസ്‌കാരം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് സി.സി. മുകുന്ദൻ എം.എൽ.എ സമ്മാനിച്ചു. അശരണരും നിരാലംബരുമായ വയോജനങ്ങൾക്ക് മണപ്പുറം വയോജന ക്ഷേമ സമിതി നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.
വലപ്പാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ സമിതി ചെയർമാൻ ലാൽ കച്ചില്ലം അദ്ധ്യക്ഷത വഹിച്ചു. മികച്ച സാമൂഹിക പ്രവർത്തകനും പ്രവാസി വ്യവസായിയുമായ ബിജു പുളിക്കൽ, മികച്ച അധ്യാപകരായ സി.കെ. ബിജോയ് മാസ്റ്റർ, പി.എസ്. സൈനുദ്ദീൻ, മികച്ച വ്യവസായ സംരംഭകനായ സജീവ് കുന്നുങ്ങൽ, മികച്ച കർഷകനായ സജീവ് സി.ബി (രാമുട്ടി) എന്നിവർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
സി.സി. മുകുന്ദൻ എം.എൽ.എയുടെ ജീവചരിത്രഗ്രന്ഥമായ “വിശപ്പും വിവേചനവും” എന്ന പുസ്തകം നാട്ടിക നിയോജക മണ്ഡലത്തിലെ സ്കൂളുകൾക്കായി മുഖ്യാതിഥിയായ കാനാടി കാവ് മഠാധിപതി ഡോ. കെ.കെ. വിഷ്ണുഭാരതീയ സ്വാമികൾ വിതരണം ചെയ്തു. പി.കെ. സുഭാഷ് ചന്ദ്രൻ മാസ്റ്റർ, കിഷോർ വാഴപ്പുള്ളി, നാട്ടിക എസ്.എൻ. കോളേജ് മാനേജർ പി.കെ. പ്രസന്നൻ, വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് മോഹനൻ മാസ്റ്റർ, പി.എസ്.പി. നസീർ, മുൻ വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആശിക്ക്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷജിത്ത് പള്ളത്ത്, നാട്ടിക ഗ്രാമപഞ്ചായത്ത് അംഗം ടി.സി. ഉണ്ണികൃഷ്ണൻ, ബിജോയ് പി.എസ്., തങ്കമണി കെ.കെ., വത്സല രവീന്ദ്രൻ, സബിത സുനിൽ, സബിത ബൈജു, ദമയന്തി കെ.കെ., ബേബി മോഹൻദാസ്, യൂസഫ് കാച്ചേരി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.



