THRISSUR

മാറാട്ട് വേട്ടുവന്ത്ര ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

നാട്ടിക: നാട്ടിക താണിശ്ശേരി വെൽവെട്ടിക്കാവ് തട്ടുപറമ്പിൽ മാറാട്ട് വേട്ടുവന്ത്ര ശ്രീ ഭഗവതി ക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. രാവിലെ ഗണപതി ഹോമത്തോടെയും വിശേഷാൽ പൂജകളോടെയും ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് നാട്ടിക വടയേരി ധർമ്മദൈവ ക്ഷേത്രത്തിൽ നിന്നുള്ള കൊടിക്കൂറ എഴുന്നള്ളിപ്പ് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടന്നു.

എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം നടന്ന പൂജകൾക്ക് പിന്നാലെ ക്ഷേത്ര പ്രസിഡൻ്റ് ഷൈൻ സുരേന്ദ്രനാഥ് കൊടിയേറ്റ കർമ്മം നിർവഹിച്ചു. ക്ഷേത്ര ശാന്തിമാരായ അരുൺ, അമൽ എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് നാഗങ്ങൾക്ക് പാട്ട്, ഉച്ചപൂജ, വൈകിട്ട് ദീപാരാധന എന്നിവ നടന്നു.

ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം സെക്രട്ടറി അഭിലാഷ് തട്ടുപറമ്പിൽ, ട്രഷറർ മിനി കൃഷ്ണകുമാർ, വൈസ് പ്രസിഡൻ്റ് ജ്യോതി തട്ടുപറമ്പിൽ, ജോയിൻ്റ് സെക്രട്ടറി വിജയരാഘവൻ തട്ടുപറമ്പിൽ എന്നിവർ നേതൃത്വം നൽകി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.

ഉത്സവത്തിൻ്റെ ഭാഗമായി ഫെബ്രുവരി 4ന് അഖണ്ഡ നാമജപം നടക്കും. ഫെബ്രുവരി 6ന് രാവിലെ മുത്തപ്പന്മാർക്ക് കളവും ഉച്ചയ്ക്ക് ഭുവനേശ്വരി ദേവിക്ക് കളവും രാത്രി ഭദ്രകാളി ദേവിക്ക് കളവും നടക്കും. ഫെബ്രുവരി 7ന് വൈകിട്ട് തൃപ്പാദം ഭജന സമിതിയുടെ ഭജനങ്ങൾ അരങ്ങേറും. ഫെബ്രുവരി 8ന് രാത്രി വിവിധ കലാപരിപാടികൾ, ഭുവന ഭദ്ര ടീമിൻ്റെ കൈകൊട്ടിക്കളി, തുടർന്ന് മായ മോഹനം ടീമിൻ്റെ ഭജനങ്ങൾ എന്നിവ ഉണ്ടായിരിക്കും.

ഫെബ്രുവരി 9നാണ് ക്ഷേത്ര മഹോത്സവം. ഉത്സവ ദിവസത്തിൽ രാവിലെ മഹാഗണപതി ഹവനം, ശീവേലി എഴുന്നള്ളിപ്പ്, വൈകിട്ട് അഞ്ച് ആനകളോടുകൂടിയ പൂരം എഴുന്നള്ളിപ്പ്, കലം മയക്കൽ, ദീപാരാധന, വർണ്ണമഴ, ദേവാനന്ദ മേളങ്ങൾ, മഹാഗുരുതി, പുലർച്ചെ എഴുന്നള്ളിപ്പ് എന്നിവയും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.