THRISSUR

സ്വീപ് പ്രചാരണം: തൃശൂർ തനിമയിൽ വിഡിയോയുമായി ജില്ലാ കളക്ടർ

തൃശ്ശൂർ: തൃശൂരുകാരെല്ലാരും ഈ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ്റെ വിഡിയോ ജനപ്രിയമാകുന്നു. ഇന്നലെ വൈകിട്ട് ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിൽ റിലീസ് ചെയ്ത വിഡിയോ തൃശൂരിൻ്റെ സാംസ്കാരിക ലാവണ്യം നിറഞ്ഞൊരു മനോഹര വിഡിയോയാണ്. വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിൻ്റെ പ്രചാരണ ഭാഗമായിട്ടാണ് വിഡിയോ തയ്യാറാക്കിയിട്ടുള്ളത്.

ആർപ്പുവിളിക്കൊപ്പം, സ്വീപ്പിൻ്റെ തിടമ്പേറ്റിയ അഴകേറിയ ഒരു കൊമ്പനാനയുടെ വരവിൻ്റെ പശ്ചാത്തലത്തിലാണ് കളക്ടർ തൃശൂര്കാരെല്ലാം ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്നത്. ആനക്കരുത്തിനെക്കാൾ വലുതാണ് ഓരോ പൗരന്റെയും വോട്ടവകാശം. പൂരത്തെ സ്നേഹിക്കുന്ന തൃശൂർക്കാർ ജനാധിപത്യത്തിന്റെ ഈ വലിയ ഉത്സവത്തെയും നെഞ്ചേറ്റണം. തൃശ്ശൂർ പൂരത്തിനു മുൻപ് ഏപ്രിൽ 9 ന് വോട്ടിൻ്റെ പൂരം നടക്കുന്നു. ഏവരും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലേക്ക് എത്തിച്ചേരണമെന്നാണ് വിഡിയോയുടെ ഉള്ളടക്കം. വോട്ടർ ബോധവത്കരണത്തിൻ്റെ ഭാഗമായി ജില്ലയിലുടനീളം സ്വീപ് പ്രചാരണ പരിപാടികൾ നടന്നുവരികയാണ്.