THRISSUR

പൂരപ്രേമികളുടെ ശ്രദ്ധയ്ക്ക് – മുൻകരുതൽ എടുക്കാം നിർജ്ജലീകരണംഒഴിവാക്കാം 

തൃശൂർ: കഴിഞ്ഞ വർഷം പൂരം നാളുകളിൽ നിർജ്ജലീകരണം മൂലവും മറ്റും  300 –ഓളം പേർ ആരോഗ്യവകുപ്പിന്റെ പവലിയനിലിൽ വൈദ്യ സഹായം തേടിയിട്ടുണ്ട് .അതിൽ 150 പേർക്ക് കിടത്തി ചികിത്സ നൽകേണ്ട സാഹചര്യവും ഉണ്ടായിട്ടുള്ളതാണ് .മുൻ വർഷത്തേക്കാൾ ചൂട് കൂടുതലുള്ള സാഹചര്യത്തിൽ പൂരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പൂരത്തിന് രണ്ടു ദിവസം മുൻപ് മുതലെങ്കിലും വെള്ളം ധാരാളമായി  കുടിക്കേണ്ടതും ഭക്ഷണം ശരിയായി കഴിക്കേണ്ടതുമാണ്
  • പൂരത്തിന് വരുന്ന ദിവസം രാവിലെ മുതൽ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം ഉൾപ്പെടെ, 7 മുതൽ 10 ഗ്ലാസ് വരെ വെള്ളം പൂരപ്പറമ്പിൽ എത്തുന്നതിന് മുൻപ്  കുടിക്കേണ്ടതാണ്.തുടർന്നും ഇടക്കിടെ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായകമാണ്.
  • വെള്ളം എല്ലായ്‌പ്പോഴും കൈയിൽ കരുതേണ്ടതാണ്
  • കുട / തൊപ്പി ധരിക്കണം
  • ജലാംശം കൂടുതലുള്ള തണ്ണിമത്തൻ പോലുള്ള പഴങ്ങൾ ധാരാളമായി
    കഴിക്കണം
  • കഴിയുന്നതും തണലിൽ നിൽക്കണം. തുടർച്ചയായി വെയിൽ കൊള്ളുന്നത് നിർജ്ജലീകരണത്തിനും കുഴഞ്ഞു വീഴുന്നതിനും കാരണമാകും
  • മദ്യപിച്ചിട്ടുണ്ടെങ്കിൽ  നിർജ്ജലീകരണം   കൂടാൻ സാധ്യതയുണ്ട്
  • കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ നല്ല
    വെള്ളവും ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം
  • ഏതെങ്കിലും തരത്തിലുള്ള ശാരീരിക / മാനസിക ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള മെഡിക്കൽ ടീം /ആംബുലൻസ്ൻറെ സേവനം പ്രയോജനപ്പെടുത്തുക

തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), 20.04.2026 തൃശൂർ