കുട്ടികളുടെ സ്വപ്നങ്ങൾക്കും കവിതകൾക്കും സാക്ഷിയായി മുഖാമുഖം – മീറ്റ് യുവർ കളക്ടർ
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഒരുക്കിയ “മുഖാമുഖം – മീറ്റ് യുവർ കളക്ടർ 2.0” പരിപാടി വീണ്ടും ഒരു മനോഹരമായ അനുഭവത്തിന് വേദിയായി. ജില്ലയിലെ ഫൺ ഇംഗ്ലീഷ് എന്ന സ്ഥാപനത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജില്ലാ കളക്ടറെ കാണാൻ എത്തിയപ്പോൾ, അത് ഒരു അസാധാരണ സന്ദർശനവും സൃഷ്ടിപരമായ ആഘോഷവുമായി മാറി.


ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ കുട്ടികളുമായി അവരുടെ സർഗ ഭാവനകളെ കുറിച്ചും പഠനത്തെക്കുറിച്ചും സംവദിച്ചു. കുട്ടികൾക്ക് ഭരണ സംവിധാനം നേരിൽ കാണാനും മനസ്സിലാക്കാനും ഈ പരിപാടിയിലൂടെ സാധിച്ചു. കുട്ടികൾ തയ്യാറാക്കിയ രണ്ടാമത്തെ ഇംഗ്ലീഷ് കവിതാസമാഹാരമായ “സീഡ്‌സ് ഓഫ് ഹോപ്പ് ” എന്ന പുസ്തകത്തിന്റെ കവർ പേജ് കലക്ടർ പ്രകാശനം ചെയ്തു. ജെറോം എന്ന വിദ്യാർത്ഥി താൻ വരച്ച ചിത്രം കളക്ടർക്ക് കൈമാറി. പുസ്തകത്തിന്റെ കവർ പേജ് വരച്ചതും ജെറോം തന്നെയാണ്.


സ്ഥാപനത്തിലെ 18 കുട്ടികളും അധ്യാപകരുമടങ്ങിയ സംഘം പിന്നീട് സിവിൽ സ്റ്റേഷനും വിവിധ സർക്കാർ വകുപ്പുകളുടെ ഓഫീസുകളും സന്ദർശിച്ചു. പുതിയ തലമുറയുടെ ആത്മവിശ്വാസത്തെയും സ്വപ്നങ്ങളെയും വളർത്തുന്ന ഒരു വേദിയായി മാറിയിരിക്കുകയാണ് മുഖാമുഖം – മീറ്റ് യുവർ കളക്ടർ പരിപാടി.




