തൊഴുപാടം എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ ജില്ലാ കളക്ടറുമായി സംവദിച്ചു
തൃശ്ശൂർ: ‘മുഖാമുഖം മീറ്റ് യുവർ കളക്ടർ 2.0’ പരിപാടിയുടെ 16-ാം അധ്യായത്തിൽ തൊഴുപാടം ഗവ. എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനുമായി സംവദിച്ചു. കളക്ടറേറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ കുട്ടികൾ തങ്ങളുടെ ആശയങ്ങളും ആവശ്യങ്ങളും ജില്ലാ കളക്ടറുമായി പങ്കുവെച്ചു.സ്കൂളിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ് ഡിസിപ്ലിൻ കേഡറ്റ് (എസ്.ഡി.സി) പദ്ധതിയെക്കുറിച്ച് വിദ്യാർത്ഥികൾ കളക്ടറോട് വിശദീകരിച്ചു. കുട്ടികളിൽ അച്ചടക്കവും സഹജീവി സ്നേഹവും വളർത്താനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ഇത്തരം പ്രവർത്തനങ്ങൾ ഏറെ സഹായകമാണെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചും കളക്ടറാകാൻ തനിക്ക് പ്രചോദനമായ സാഹചര്യങ്ങളെക്കുറിച്ചും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി കളക്ടർ വിശദീകരിച്ചു.

വിദ്യാർത്ഥികൾക്കിടയിലെ മൊബൈൽ ഗെയിമിംഗ് അഡിക്ഷൻ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളും സംവാദത്തിൽ ചർച്ചയായി.കൂടിക്കാഴ്ചയ്ക്കിടെ വിദ്യാർത്ഥികളായ നിധി മരിയ ഷാജി, രാജ്ശേഖർ എന്നിവർ കവിതകൾ ആലപിക്കുകയും ഷഹല ഷെറിൻ ‘കുട്ടിയുടെ പുഴ’ എന്ന കഥ അവതരിപ്പിക്കുകയും ചെയ്തു. തങ്ങളുടെ സ്കൂൾ നേരിട്ട് സന്ദർശിക്കണമെന്ന് കളക്ടറോട് അഭ്യർത്ഥിച്ചാണ് വിദ്യാർത്ഥികളും അധ്യാപകരും മടങ്ങിയത്.


