General

കോടികൾ തട്ടിയ മുൻ മണപ്പുറം ജീവനക്കാരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് കോടികൾ തട്ടിയ ജീവനക്കാരി ധന്യ മോഹനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വലപ്പാട് മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തതായാണ് ലഭ്യമാവുന്ന വിവരം . കമ്പനിയിൽ അസിസ്റ്റന്റ് ജനറൽ മാനേജർ തസ്തികയിൽ ടെക്ക് ലീഡ് പൊസിഷനിൽ ജോലി ചെയ്തു വരികയായിരുന്നു ധന്യ മോഹൻ. തട്ടിപ്പിലൂടെ നേടിയ പണം ആർഭാട ജീവിതത്തിന് ഉപയോഗിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലത്ത് ഒന്നര കോടി രൂപയുടെ ആഡംബര വീട് സ്വന്തമാക്കിയെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊല്ലം നെല്ലിമുക്ക് സ്വദേശിനി ആയ ധന്യ മോഹൻ വലപ്പാട് സ്ഥലം വാങ്ങി വീട്‌ നിർമിച്ചിരുന്നു. അസിസ്റ്റൻറ് ജനറൽ മാനേജർ ആയിരുന്ന ധന്യ മോഹനനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വ്യാജ ലോണുകൾ തരപ്പെടുത്തി ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തായിരുന്നു ധന്യ മോഹന്റെ തട്ടിപ്പ്. ആഡംബര വാഹനങ്ങൾ അടക്കം നാലു വാഹനങ്ങൾ ധന്യക്കുണ്ട്. പണം ഷെയർ മാർക്കറ്റിലും നിക്ഷേപിച്ചെന്ന് പോലീസ് കണ്ടെത്തി. ധന്യയുടെ പേരിലുള്ളത് അഞ്ച് അക്കൗണ്ടുകളും ഭർത്താവിന്റെയും പിതാവിന്റെയും അടക്കം 8 അക്കൗണ്ടുകളിലായാണ് പ്രതി സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ഈ അക്കൗണ്ടുകൾക്ക് കേന്ദ്രീകരിച്ച് അഞ്ചുവർഷത്തിനിടെ 8000 തവണകളിലായാണ് പ്രതി സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.