THRISSUR

കടലിൽ അകപ്പെട്ട വള്ളവും തൊഴിലാളികളെയും ഹാർബറിൽ എത്തിച്ചു

അഴീക്കോട് ഫിഷ് ലാന്റിങ് സെൻ്ററിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വരാഹം എന്ന ഇൻബോഡ് വള്ളത്തിൻ്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 08 നോട്ടിക്കല്‍ മൈല്‍ (16 കിലോമീറ്റർ) അകലെ അഴിമുഖം വടക്ക് പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ നിലച്ച് കുടുങ്ങിയ തൃശൂർ പെരിഞ്ഞനം സ്വദേശി കിഴക്കേടത്ത് ജിബിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വരാഹം ഇൻബോഡ് വള്ളവും പെരിഞ്ഞനം സ്വദേശികളായ 48 മത്സ്യ തൊഴിലാളികളെയുമാണ് ശക്തിയായ തിരമാലയിലും കാറ്റിലും രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.
രാവിലെ 7.30 മണിയോടുകൂടിയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.
ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ എം. എഫ് പോളിൻ്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് & വിജിലൻസ് വിങ് ഓഫീസർമാരായ വി എൻ പ്രശാന്ത്കുമാർ, ഇ ആർ ഷിനിൽകുമാർ, വി എം ഷൈബു, റെസ്‌ക്യൂ ഗാര്‍ഡ്മാരായ, ഹുസൈൻ, വിജീഷ്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മത്സ്യബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്താതും കാലപഴക്കം ചെന്ന മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നത് കൊണ്ടും കടലിൽ അപകടങ്ങൾ തുടർക്കഥയാക്കുകയാണ്. ജില്ലയില്‍ രക്ഷാപ്രവര്‍ത്തനതിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി സുഗന്ധകുമാരി അറിയിച്ചു.