KERALAMTHRISSUR

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥിര നിയമനം കേരളത്തിൽ

യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ന്യൂസ് ലെറ്ററിലെ വിവരങ്ങള്‍ പ്രകാരം 2023 ജനുവരിമുതല്‍ ഡിസംബര്‍വരെ കേരള പിഎസ്സി 34,410 പേരെ നിയമന ശുപാര്‍ശ ചെയ്തു. ഇത് രാജ്യത്ത് ഏറ്റവും കൂടുതലാണ്. 2023 ല്‍ രാജ്യത്താകെ പിഎസ്സി നിയമനങ്ങള്‍ 62580 ആണ്. ഇതില്‍ 54.5 ശതമാനവും കേരളത്തിലാണ്. ഈ വര്‍ഷം ഇതുവരെ പത്തൊമ്പതിനായിരത്തിലധികം നിയമന ശുപാര്‍ശയും നടന്നു. പ്രതിവര്‍ഷം ശരാശരി മുപ്പതിനായിരം നിയമനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥിര നിയമനം കേരളത്തിലാണ്. കേരളത്തേക്കാള്‍ ഇരുപത് കോടി ജനങ്ങള്‍ അധികമുള്ള ഉത്തര്‍പ്രദേശില്‍ ഈ കാലയളവില്‍ നടത്തിയ നിയമന ശുപാര്‍ശ 4120 മാത്രമാണ്. ആന്ധ്രപ്രദേശ് (332), ഗുജറാത്ത് (1680), മധ്യപ്രദേശ് (2123), മഹാരാഷ്ട്ര (3949), രാജസ്ഥാന്‍(3062). മറ്റു സംസ്ഥാനങ്ങളില്‍ ഇതിലും കുറവാണ് നിയമനങ്ങള്‍. കേരള പബ്ലിക് സര്‍വീസ് കമീഷന്റെ നടപടിക്രമങ്ങളെപ്പറ്റി നിരവധി തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളുമാണ് പുറത്തുവരുന്നത്. പലരും സത്യാവസ്ഥ അറിയാതെയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.