എടതിരുത്തി പഞ്ചായത്തിൽ ഒരു കോടി രൂപയുടെ വികസന പദ്ധതി പ്രഖ്യാപിച്ച് വി പി നന്ദകുമാർ
വലപ്പാട് : വലപ്പാട് ലയൺസ് ക്ലബ്ബ് എക്സലുമായി സഹകരിച്ച് മണപ്പുറം ഫൗണ്ടേഷൻ എടതിരുത്തി പഞ്ചായത്തിൽ ഒരു കോടി രൂപയുടെ സമഗ്ര വികസന പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി പി നന്ദകുമാർ. വലപ്പാട് ലയൺസ് ക്ലബ്ബ് എക്സലിന്റെ പണി പൂർത്തികരിച്ച ബിൽഡിംഗിലെ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ലയൺസ് ഡിസ്ട്രിക് ഗവർണർ ജെയിംസ് പോൾ വളപ്പില മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബിന്റെ പുതിയ മെമ്പേഴ്സിനെ ജയകൃഷ്ണൻ സ്വാഗതം ചെയ്തു. പുതിയ ഭാരവാഹികളെ സുരേഷ് വാരിയർ പരിചയപ്പെടുത്തി. സുഗണൻ കൊട്ടേക്കാട് (പ്രസിഡന്റ് ), സുരേഷ് പട്ടാലി (സെക്രട്ടറി), അജിത് കുമാർ വേളയിൽ (ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സർവീസ് പ്രോജക്ടിന്റെ ഭാഗമായുള്ള സാനിറ്ററി നാപ്കിൻ സംസ്കരണ ഇൻസിനറേറ്ററിന്റെ വിതരണം സുഷമ നന്ദകുമാർ നിർവഹിച്ചു. റീജിയണൽ ചെയർപേഴ്സൺ ആനി ജോസഫ്, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ചന്ദ്രബാബു എന്നിവർ സംസാരിച്ചു.