മാഞ്ചസ്റ്റർ ബറി മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ബറി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ബറി ഉക്രൈൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ നടന്നു. ഓണാഘോഷത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പടെ ഏകദേശം നൂറ്റിഅമ്പതോളം പേർ പങ്കെടുത്തു.
ഓണത്തിന്റെ പ്രതീകമായ മാവേലി തമ്പുരാനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കുട്ടികളും മുതിർന്നവരും ചേർന്ന് സ്വീകരിച്ചു. തദ്ദേശിയരായ ബ്രിട്ടീഷുകാരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
പൂക്കളം, തിരുവാതിര, ഓണകളികൾ, വടംവലി എന്നിവയും കലാപരിപാടികളും ആഘോഷത്തിന്റെ പ്രധാന ഘടകങ്ങളായിരുന്നു. സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് ബെൻസി അർജുൻ, സെക്രട്ടറിയായി അലൻ കുര്യൻ , വൈസ് പ്രസിഡന്റ് ജോബിൻ തട്ടാൻകുന്നേൽ, ട്രെഷററായി സുബിത് കുറിയക്കോസ് എന്നിവരെയും കൂടാതെ 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പൊതുയോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.