THRISSUR

ലൈഫ് സര്‍ട്ടിഫിക്കറ്റ്; നവംബര്‍ 30 നകം നല്‍കണം

തൃശ്ശൂര്‍: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തൃശ്ശൂര്‍ മേഖലയില്‍ (തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍) പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വാങ്ങുന്നവര്‍ 2024 നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നവംബര്‍ തീയതിയിലുള്ള ‘ജീവന്‍ പ്രമാണി’ ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ ഗസറ്റഡ് ഓഫീസര്‍ നവംബര്‍ തീയതിയില്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റോ വകുപ്പില്‍ നല്‍കണം. നേരിട്ടോ ദൂതന്‍ മുഖേനയോ നല്‍കാം. തൃശ്ശൂര്‍ ജില്ലയിലുള്ളവര്‍ സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലുള്ള ഐപിആര്‍ഡി മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും പാലക്കാട് ജില്ലയിലുള്ളവര്‍ പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ദൂതന്‍ മുഖേന നല്‍കുന്ന പെന്‍ഷണര്‍മാര്‍ സ്വന്തം ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്കൂടി നല്‍കേണ്ടതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് മാതൃക വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദവിവരത്തിന് 9846979162/ 8848392539 എന്നീ മൊബൈല്‍ നമ്പറുകളിലോ അതതു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ ബന്ധപ്പെടുക.