FEATURED

‘ എന്റെ നാട് ’പരമ്പര | മിഡ്‌ലൈൻ ന്യൂസ് | ബിജു പുളിക്കൽ

“പ്രവാസിയാണ്, പക്ഷേ പ്രവാസിയുടെ മനസ്സിൽ താനൊരു നാട്ടുകാരൻ തന്നെയാകുമ്പോഴാണ് യഥാർത്ഥ ജീവിതവിജയം.” – ബിജു പുളിക്കൽ

പ്രവാസം മനസ്സിൽ, നാടിന്‍റെ ഭാവിക്ക് വേണ്ടി – ബിജു പുളിക്കൽ സംസാരിക്കുന്നു

തൃശൂരിലെ പ്രമുഖ ബീച്ച് ആയ കഴിമ്പ്രത്തിന്റെ സമസ്ത പുരോഗതി ലക്ഷ്യം വെക്കുന്ന പ്രവാസി സംരഭകൻ ബിജു പുളിക്കൽ ആണ് മിഡ്‌ലൈൻ ‘എന്റെ നാട് ‘ നോട് മനസ് തുറക്കുന്നത്.

നിലവിൽ യു എ ഇ -യിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്ത് സ്റ്റാർ ഇൻഷുറൻസ് എന്ന സ്ഥാപനത്തിന്റെ പാർട്ണറും ഡെപ്യൂട്ടി ജനറൽ മാനേജർ ആയും സേവനം അനുഷ്ഠിക്കുന്നു , കൂടാതെ “SecureMe Insurance Solution” എന്ന ഓൺലൈൻ പ്ലാറ്റ് ഫോമിന്റെ മാനേജിഗ് ഡയറക്ടറും, യൂമിൻ കോമേഴ്സ്യൽ ബ്രോക്കേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഫൗണ്ടറും കൂടിയാണ് ബിജു പുളിക്കൽ.

കഴിമ്പ്രം ബീച്ചും വികസന സ്വപ്നങ്ങളും

” പ്രവാസി എന്ന് പറയുമ്പോഴും മാനസികമായി പ്രവാസി ആകാൻ കഴിയാത്ത ഒരാൾ ആണ് ഞാൻ . നാട്ടിലെ ഓരോ വികസന പ്രവർത്തനങ്ങളും ഉത്സാഹത്തോടെ വീക്ഷിക്കാറുള്ള ഒരാൾ എന്ന നിലയിൽ കഴിമ്പ്രം ബീച്ചിന്റെ നവീകരണ പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുന്നതിനു ചുക്കാൻ പിടിച്ച എന്റെ പ്രിയപ്പെട്ട രണ്ടു സുഹൃത്തുക്കളായ ശോഭാ സുബിനേയും, ഷജിത്തിനേയും നന്ദിയോടെ സ്മരിക്കാതെ ബീച്ചിന്റെ വികസനത്തെ കുറിച്ച് സംസാരിക്കാൻ കഴിയില്ല. കോടിക്കണക്കിനു രൂപ ചിലവിട്ട് കഴിമ്പ്രം ബീച്ചിന്റെ മുഖച്ഛായ മാറ്റുന്നതിന് മുൻകൈയെടുത്ത ത്യശ്ശൂർ ജില്ലാ പഞ്ചായത്ത്‌, വലപ്പാട് ഗ്രാമ പഞ്ചായത്തു ഭരണസമിതികളോടുള്ള കടപ്പാടും നന്ദിയും രേഖപ്പെടുത്താൻ കൂടി ഈ അവസരം വിനിയോഗിക്കുന്നു.

കേരളത്തിലെ വലിയ ഇവന്റുകളുടെ കലണ്ടറിൽ കഴിമ്പ്രത്ത് നടക്കുന്ന രണ്ടു ബീച്ച് ഫെസ്റ്റിവലുകൾ ഇടം പിടിച്ചിരിക്കുന്നു എന്ന് നിസംശയം പറയാവുന്ന തരത്തിലേക്ക് അത് എത്തിയിരിക്കുന്നു എന്നതിൽ നാട്ടുകാരൻ എന്ന നിലയിൽ എനിക്ക് വളരെ അഭിമാനം തോന്നുന്നു.
ഈ ബീച്ച് ഫെസ്റ്റിവലുകൾക്ക് കഴിയുന്ന രീതിയിൽ സഹകരിക്കാൻ സാധിക്കുന്നു എന്നതും വളരെ സന്തോഷം നൽകുന്ന കാര്യമാണ്. കഴിമ്പ്രം ബീച്ചിന്റെ പ്രശസ്തി മറ്റു നാടുകളിലേക്ക് വ്യാപിപ്പിക്കാൻ ഇത്തരം ഫെസ്റ്റിവലുകൾ കാരണമാകുന്നു എന്നതും അഭിനന്ദനീയമായ വസ്തുത ആണെന്ന് അടിവരയിട്ട് പറയാൻ സാധിക്കും . അതെ സമയം മത്സരബുദ്ധി ഉപേക്ഷിച്ച് ബീച്ച് ഫെസ്റ്റിവലുകൾക്കൊപ്പം ബീച്ചിന്റെ വികസനം എന്ന ലക്ഷ്യത്തിലേക്ക് കൂടി സംഘാടകരും സർക്കാർ അധികൃതരും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ഉണ്ടന്ന് പറയേണ്ടിയിരിക്കുന്നു. നവീകരണത്തിലൂടെയും , അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും മാത്രമേ മറ്റു ബീച്ചുകളുമായി ആരോഗ്യകരമായ മത്സരക്ഷമതയോടെ നിൽക്കാൻ കഴിയു എന്ന വസ്തുത ആണ് ഇതിന് ഹേതുവായിട്ടുള്ളത്.
മനോഹരമായ കടൽ തീരങ്ങളാൽ സമൃദ്ധമായ നമ്മുടെ നാട്ടിലേക്ക് വിദേശികളെ കൂടുതൽ ആകർഷിക്കാൻ പാകത്തിൽ മലിന്യമുക്തമായ കടൽ തീരങ്ങൾ ഒരുക്കിയെടുക്കാൻ നമുക്കു കഴിയണം. ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ വരുന്ന വിനോദ സഞ്ചാരികൾക്കുള്ള താമസ സൗകര്യം ഒരുക്കാൻ നമ്മുടെ മേഖലയിൽ ഇപ്പോഴും സാധിക്കാത്തത് വലിയ ഒരു പോരായ്മയായി നിലനിൽക്കുന്നുണ്ട് . ടൂറിസം വ്യവസായത്തിൽ വലിയ സാധ്യതകൾ ഉള്ള പ്രദേശമായിട്ടും അതിൽ ചെറിയ ശതമാനം പോലും മുന്നോട്ട് പോകാൻ നമുക്ക് കഴിഞ്ഞിട്ടില്ല. താരതമ്യേന സ്ഥിരതയുള്ള കടൽതീരം എന്ന അനുകൂല ഘടകം ഉണ്ടായിട്ട് പോലും ഇത്തരം വ്യവസായത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ ആരും മുന്നോട്ട് വരുന്നതായി കാണുന്നില്ല. സമീപ കാലത്ത് പ്രഖ്യാപിച്ച മിനി ഹാർബറിന്റെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തി മത്സ്യ സമ്പത്തുകൂടി ശരിയായ രീതിയിൽ വിനിയോഗിച്ചാൽ ഇനിയും ഏറെ മുന്നേറാൻ കഴിയുന്ന പ്രദേശമാണ് കഴിമ്പ്രം.
കഴിമ്പ്രത്തെ രണ്ട് സ്കൂളുകളിലും കളിസ്ഥലം ഇല്ല എന്ന പോരായ്മ നാടിന്റെ തന്നെ പരാജയം എന്ന് പറയാതെ വയ്യ . ഞാൻ ഉൾപ്പടെ ഉള്ള കഴിമ്പ്രം നിവാസികളുടെ ഇഷ്ട സ്ഥലം ആയിരുന്നു ഒരുകാലത്തു കഴിമ്പ്രം സ്കൂൾ ഗ്രൗണ്ട് . ഒരു പ്രദേശത്തെ ജനത വിനോദങ്ങൾക്കായും വൈകുന്നേരങ്ങളിലെ ചർച്ചകൾക്കായും വിവിധ പരിപാടികൾക്കും ഒത്തു കൂടിയിരുന്ന സ്ഥലമായിരുന്നു സ്കൂൾ ഗ്രൗണ്ട് . സ്കൂൾ വികസനവുമായി ബന്ധപെട്ടു ആദ്യം ഗ്രൗണ്ടിനുചുറ്റും മതിൽ കെട്ടി വലിയ ഗേറ്റുകൾ വച്ചതു പിൽകാലത്തു കഴിമ്പ്രം നിവാസികളുടെ കൂട്ടായ്മയുടെ ഇടയിൽ ഉയർന്ന മതിലായിമാറി . ടാസ്ക് പോലെ പേരെടുത്ത ക്ലബ്ബുകൾക്ക് ചരമഗീതമൊരുക്കാൻ ഈ മതിലുകൾക്ക് കഴിഞ്ഞു. ലഹരിയുടെ പിടിയിൽ നിന്നും യുവാക്കളെ വീണ്ടും കളിസ്ഥലങ്ങളുടെ ലഹരിയിലേക്കു തിരിച്ചുകൊണ്ടുവരാൻ കഴിമ്പ്രത്തിന് ഒരു കളിസ്ഥലം അത്യാവശ്യമാണ് , അതിനുവേണ്ടിയുള്ള ശ്രമങ്ങൾനടത്താൻ എല്ലാവരും മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്.

കഴിമ്പ്രവും നാടകവും ഞാനും

“പൊക്കമില്ലായ്മയാണെൻ പൊക്കം ” എന്നെഴുതി കുഞ്ഞു കവിതകളിലൂടെ ഭാഷയുടെ ലോകം കീഴടക്കിയ കുഞ്ഞുണ്ണിമാഷുടെ ഓർമ്മകൾ നിറയുന്ന പ്രദേശമാണ് നമ്മുടേത്, രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ആദ്യമായി സ്വർണമെഡൽ ലഭിച്ച സംവിധായകനായ രാമു കാര്യാട്ടിന്റെ നാട്ടുകാർ എന്നതിൽ അഭിമാനിക്കുന്ന ജനതയാണ് നമ്മൾ. കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ ഇത്രയേറെ അടയാളപ്പെടുത്തലുകൾ നടത്തിയ നമ്മുടെ നാട്ടിൽ ആറാം ക്ലാസ്സു മുതൽ +2 വരെ കഴിമ്പ്രം സ്കൂളിലെ സ്കൂൾ യുവജനോത്സവ നാടക മത്സരത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഞാൻ . പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സജീവൻ നാട്ടിക സംവിധാനം ചെയ്‌ത നാടകം ആ വർഷം ജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. ഇപ്പോഴും നാടകം ഒരു ലഹരിയായി നിലകൊള്ളുന്നു. 2024 ഡിസംബറിൽ ദുബായിൽ നടന്ന ഓർമ കേരളോത്സവത്തിൽ നാടകഗാനത്തിലും സ്കിറ്റിലും ഭാഗമായി വേദിയിൽ എത്താൻ സാധിച്ചത് അഭിമാനത്തോടെ ഓർക്കുന്നു .
ഞാനും നാടകവും തമ്മിലുള്ള ബന്ധത്തിന് ഒരു വലിയ കാരണമുണ്ട്. ഞങ്ങൾ കഴിമ്പ്രം നിവാസികൾക്കു ചേർത്തു വെക്കാൻ ഒരു പേരു കൂടിയുണ്ടായിരുന്നു കഴിമ്പ്രം വിജയൻ . കഴിമ്പ്രം തിയ്യറ്റേഴ്സിന്റെ സ്ഥാപകനും ജീവനാഡിയും എല്ലാം ആയിരുന്നു കഴിമ്പ്രം വിജയൻ . കടുത്ത രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ മാത്രം അറിയപ്പെട്ടിരുന്ന കഴിമ്പ്രമെന്ന സ്ഥലനാമത്തെ കലാകാരൻമാരുടെ നാട് എന്ന് ദേശാന്തരങ്ങളിലേക്കെത്തിച്ച പ്രതിഭാധനനായിരുന്നു അദ്ധേഹം. മുൻ ഇരിങ്ങാലക്കുട എം എൽ എ യും നാട്ടിക കോളേജിലെ പ്രൊഫസറുമായിരുന്ന അരുണൻ മാഷ് , സിനിമാ സീരിയൽ താരം ലിഷോയ് തുടങ്ങി നിരവധി പേർ കഴിമ്പ്രം വിജയന്റെ ശിഷ്യർ ആയിരുന്നു. അരുണൻ മാഷ് രചിച്ച് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ‘ചരിത്രത്തിൻ്റെ ചിരി ‘ എന്ന നാടകത്തിന്റെ സംവിധാനം നിർവ്വഹിച്ചിരുന്നത് കഴിമ്പ്രം വിജയനായിരുന്നു .കഴിമ്പ്രം തിയറ്റേഴ്സിൻ്റെ ആരംഭകാലത്ത് അരുണൻ മാഷ് അതിലെ ഒരു പ്രധാന നടനും കൂടിയായിരുന്നു . കഴിമ്പ്രം വിജയന്റെ ആകസ്മിക നിര്യാണത്തോടെ കഴിമ്പ്രം തിയ്യറ്റേഴ്സ് എന്ന നാടക സമിതിയും നാമാവശേഷമായി. മരണം ഒരു വാർത്തയല്ലാതാകുന്ന കാലത്ത് വിജയേട്ടനും കടന്നു പോയി എന്ന മൂന്നു വാക്കുകളിൽ പ്രതിഭകളുടെ മരണം പോലും ഒതുങ്ങിപ്പോകുന്നു. ആ പ്രതിഭയുടെ ഓർമകൾക്കു മുന്നിൽ ആദരവോടെ ശിരസ്സു കുനിക്കുന്നു.
ഭാവനാത്മകമായ യുവ തലമുറയെ വാർത്ത് എടുക്കുന്നതിനായി കഴിമ്പ്രത്തിന്റെ മണ്ണിൽ വീണ്ടും ഒരു കലാ സാംസ്‌കാരിക സദസ്സ് ഉടലെടുക്കേണ്ടിയിരിക്കുന്നു അതിനായി വലിയ ശ്രമങ്ങൾ വിശ്രമമില്ലാതെ നമ്മൾ നടത്തേണ്ടിയിരിക്കുന്നു.

ബിജു പുളിക്കൽ
കഴിമ്പ്രം , എടമുട്ടം, തൃശൂർ
അച്ഛൻ : ശശീധരൻ , അമ്മ : മണി ശശീധരൻ
ഭാര്യ : ശ്രീതി ബിജു
മക്കൾ : ദക്ഷ ബിജു , അഭിനി ബിജു