THRISSUR

നൈപുണി വികസനത്തിന് നിരവധി പദ്ധതികൾ: ഡോ. ആർ ബിന്ദു

സംസ്ഥാനത്ത് നൈപുണി വികസനത്തിന് വ്യാപകമായ വിധത്തില്‍ പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോവുകയാണ് സര്‍ക്കാരെന്ന് ഉന്നത വിദ്യഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍സെക്കൻ്ററി സ്‌കൂളില്‍ നൈപുണി വികസന കേന്ദ്രത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ ഒരു നവ വൈഞ്ജാനിക സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നൈപുണിയും വൈദഗ്ധ്യവും നൽകി മേഖലകൾ മുന്നോട്ട് വെയ്ക്കുന്ന തൊഴിൽ അവസരങ്ങൾക്ക് സദൈര്യം കടന്ന് ചെല്ലാൻ കേരളത്തിലെ യുവാക്കളെ സജ്ജരാക്കുക എന്ന ഉത്തരവാദിത്യമാണ് സർക്കാർ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനവും ലഭിക്കുക എന്നത് വൈജ്ഞാനിക സമൂഹത്തിൽ അത്യന്താപേക്ഷിതമാണെന്നും അറിവിൻ്റെയും വൈദഗ്ധ്യത്തിൻ്റെയും ആത്മവിശ്വാസത്തിൽ കൂട്ടികൾ സ്വയം മുന്നേറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃശ്ശൂര്‍ ജില്ലയില്‍ 19 എസ്.ഡി.സി കളിലായി ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ട് നില്‍ക്കുന്ന 23 കോഴ്‌സുകളാണ് ആരംഭിക്കുന്നത്. ഇതില്‍ ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളില്‍ ആരംഭിച്ചിട്ടുള്ളത് ഇലക്ട്രിക് വെഹിക്കിള്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍,ഇന്റീരിയര്‍ ലാന്‍ഡ്‌സ്‌കേപ്പര്‍ എന്നീ കോഴ്‌സുകളാണ്.15 വയസ്സ് മുതല്‍ 25 വയസ്സ് വരെയുള്ള പത്താം തരം പാസായവര്‍ക്ക് കോഴ്സുകളില്‍ സൗജന്യമായി പ്രവേശനം നേടാം. അവധി ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍. ഒരു കോഴ്‌സില്‍ 25 പേര്‍ക്കാണ് പ്രവേശനം.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തൃശൂർ എസ് എസ് കെ ഡി പി ഒ കെ. ബി ബ്രിജി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രന്‍ വിശിഷ്ടാതിഥിയായി. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത്, പി ടി എ പ്രസിഡണ്ട് പി കെ അനില്‍കുമാര്‍ , ഹയര്‍സെക്കൻ്ററി പ്രിന്‍സിപ്പൽ ബിന്ദു പി ജോണ്‍, വി എച്ച് എസ് ഇ പ്രിന്‍സിപ്പൽ കെ ആര്‍ ഹേന, ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക കെ. എസ്. സുഷ, ഇരിങ്ങാലക്കുട ജി. എല്‍. പി.എസ് പ്രധാന അധ്യാപിക പി ബി അസീന, എസ് ഡി സി കോഡിനേറ്റര്‍ കെ ദീപിക രാജ്, എസ് എസ് കെ ഡി. പി.സി എന്‍. ജെ ബിനോയ്, ബി ആർ സി ബി പി സി കെ ആര്‍ സത്യപാലന്‍ എന്നിവർ പങ്കെടുത്തു.