മിഡ്‌ലൈൻ ന്യൂസ് | ‘എന്റെ നാട് ’ പരമ്പര | വനജ പി.
”മതത്തിന്റെയും കക്ഷി രാഷ്ട്രീയത്തിന്റെയും സ്പർദ്ധകളില്ലാത്ത നന്മ നിറഞ്ഞ നാട് എന്റെയും സ്വപ്നമാണ്”
സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന മുൻ സർക്കാർ ഉദ്യോഗസ്ഥയും യോഗ അധ്യാപികയുമായ വനജ പി. യുടെ വീക്ഷണങ്ങൾ ആണ് ഇന്ന് എന്റെ നാട് പങ്ക് വെക്കുന്നത്.
“ഏതു നാടിന്റെയും വളർച്ചയുടെ മാനദണ്ഡം അത് ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ സമാധാനമാണ്. സമാധാനം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് യുദ്ധമില്ലാത്ത അവസ്ഥ അല്ലെങ്കിൽ രാഷ്ട്രീയപരമായ സമാധാനം എന്നു മാത്രമല്ല, ആ പ്രദേശത്തുള്ള വ്യക്തികൾക്ക് എത്രമാത്രം മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നുണ്ട് എന്നതാണ്. ആ സമൂഹത്തിലെ വ്യക്തികൾക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും അതേപോലെ താമസിക്കാൻ ഒരു ഇടവും ലഭിക്കുകയാണെങ്കിൽ ഒരളവുവരെ അവർ സമാധാനത്തിലാണ് എന്നു പറയാം. അതിനപ്പുറമായി അവരുടെ ജീവനും സ്വത്തിനും ഭീഷണിയില്ലാത്ത ഒരു മൂല്യബോധമുള്ള സമൂഹത്തിലാണ് അവർ ജീവിക്കുന്നത് എങ്കിൽ, അവർ തീർച്ചയായും സമാധാനത്തോടുകൂടി ജീവിക്കുന്നു എന്നുതന്നെ പറയാം. ആ സമൂഹത്തിൽ ഉള്ളവരെല്ലാം മാനസിക ശാരീരിക ആരോഗ്യം
ഉള്ളവർ ആണെങ്കിൽ അവരുടെ സമാധാനത്തിന് പൂർണ്ണത കൈവന്നു എന്നും പറയാം.
എന്റെ നാടിൽ ഇതിൽ എന്തെല്ലാമാണ് കുറവുള്ളത് എന്ന് പരിശോധിച്ചാൽ വികസനം ഏതുവിധത്തിലാണ് വേണ്ടത് എന്ന് മനസ്സിലാക്കാൻ പറ്റും. ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് കൂലി കിട്ടുന്നതും ആ കൂലി കൊണ്ട് നമുക്ക് ആവശ്യമായ ഭക്ഷണം വാങ്ങാൻ കഴിയുന്നതുമായ ഒരു സമൂഹത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ ഭക്ഷ്യയോഗ്യമായവയാണ് ഭക്ഷണം. നാം പണം കൊടുത്തു വാങ്ങുന്നത് വിഷം അടിച്ച പഴങ്ങളും പച്ചക്കറികളും ആണെങ്കിൽ അത് ഭക്ഷണമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭക്ഷ്യവസ്തുക്കൾ രാസമാലിന്യങ്ങൾ കലർന്നതും വിഷാംശം നിറഞ്ഞതുമാണ് എന്ന് മനസ്സിലാകുമ്പോൾ അത് ഉപേക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈ നാടിനും ഭരണകൂടത്തിനും ഉണ്ട്. സ്വന്തം നാട്ടിൽ തന്നെ ഇതെല്ലാം ഉണ്ടാക്കിയെടുക്കാനുള്ള പൗരബോധം സമൂഹത്തിനും ആവശ്യമാണ്.
ചീഞ്ഞതും പഴകിയതുമായ മത്സ്യമാംസാദികളും മായം കലർന്ന കറിപ്പൊടികളും ധാന്യ പൊടികളും എല്ലാം ഭക്ഷ്യവസ്തുക്കളുടെ ലിസ്റ്റിൽ പെടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭയമില്ലാതെ നമുക്ക് ഭക്ഷണം കഴിക്കാൻ ജാഗ്രതയുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥർ നമുക്ക് ആവശ്യമാണ്.
ഇപ്പോഴും സ്വന്തമായി വീടില്ലാത്ത, ഉണ്ടായിരുന്ന വീടുകൾ പല കാരണങ്ങളാൽ നഷ്ടപ്പെട്ട പലരും നമുക്കുചുറ്റും ജീവിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം നമുക്ക് മറക്കാൻ കഴിയുന്നതല്ല. അവരുടെ സമാധാനവും നമുക്ക് പൊതുവായുള്ള സമാധാന മാനദണ്ഡത്തിലേക്ക് ഉൾപ്പെടുത്തേണ്ടതുണ്ട്.
പൊതുവഴിയിലൂടെ ഒരു പ്രഭാത സവാരിക്ക് ഇറങ്ങിയാൽ അറിയാം നമ്മുടെ ജീവന് എത്രമാത്രം ഭീഷണിയാവുന്ന വിധത്തിലാണ് ഇവിടെ പട്ടികൾ വളർന്നുകൊണ്ടിരിക്കുന്നത് എന്ന്. പന്നികൾ പെരുകിയതുകൊണ്ട് കൃഷി നശിച്ചുപോയവരെത്ര! കാട്ടാനക്കൂട്ടങ്ങൾ ഇറങ്ങുന്നത് കൊണ്ട് നഷ്ടങ്ങൾ വന്നവരും ഉണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇനി ഒരിക്കൽപോലും ആവർത്തിക്കാത്ത വിധത്തിൽ നേരിടാൻ ശ്രമിക്കുന്ന ഒരു നാട് എന്റെ സ്വപ്നത്തിൽ ഉണ്ട്.
മൂല്യബോധമുള്ള ഒരു സമൂഹമാണ് നമുക്ക് ഇതുവരെ ഉണ്ടായിട്ടുള്ള വികസനങ്ങളെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകേണ്ടത്. ബോധം പോലും നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള ജനങ്ങളാണെങ്കിൽ പിന്നെ മൂല്യബോധം എവിടെ നിന്ന് ഉണ്ടാകാൻ? പല വീടകങ്ങളിലും അശാന്തി നിറയ്ക്കുന്നത് മദ്യപാനം തന്നെയാണ്. മറ്റു ലഹരിവസ്തുക്കൾ അതിന് മൂർച്ച കൂട്ടുകയും ചെയ്യുന്നു. പത്രവാർത്തകളിലേക്ക് ഒന്നും കടക്കേണ്ടതില്ല, ഈ സത്യം നമുക്ക് ബോധ്യപ്പെടാൻ. നമ്മുടെ ചുറ്റുപാടുകളിൽ തന്നെ ഒന്ന് ശ്രദ്ധിച്ചാൽ മതി. മൂല്യബോധം കുറഞ്ഞുവരുന്ന ഒരു സമൂഹത്തെയാണ് പലപ്പോഴും നമ്മൾ ചുറ്റുപാടിലും കാണുന്നത്. കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ മൂല്യബോധത്തോടെ വളർത്തുന്ന ഒരു വിദ്യാഭ്യാസം നമുക്കുണ്ടെങ്കിൽ ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.
ഡ്രെയിനേജുകൾ അടഞ്ഞുപോയ പാതയോരങ്ങളും ട്രെയിനേജ് ഇല്ലാതെ പണിതീർത്ത നാട്ടുപാതകളും വെള്ളക്കെട്ടുകൾ ഉണ്ടാക്കി പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്. ശുചിത്വ കുറവുമൂലമുള്ള അസുഖങ്ങൾ വേറെയും. ഇതിനെല്ലാം പരിഹാരം ആകേണ്ട ആരോഗ്യരംഗമാണ് ഏറെ രസകരം.
അറിവുള്ളവന്റെ വിവരക്കുറവു കാരണം ആരോഗ്യരംഗം ഒരു മത്സരരംഗമായി മാറുന്നത്, സമൂഹത്തിന്റെ വളർച്ചയ്ക്ക് വിഘാതമാകുന്നതാണ്. മരുന്നുകൾ വാരിക്കോരി വിറ്റഴിക്കാനുള്ള തത്രപ്പാടിന് ഇടയിൽ പരസ്പരം കുറ്റപ്പെടുത്തുന്ന വിവിധതരം ചികിത്സാരീതികൾ, അവരുടെ ചികിത്സയിൽ ഉണ്ടായ വളർച്ചയെ അല്ല മറിച്ച് അവരുടെ വിപണന തന്ത്രത്തിൽ ഉണ്ടായ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. വിവിധ തരം ചികിത്സാരീതികൾ പരസ്പരം സഹകരിച്ചുകൊണ്ട് രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഒരു നാടിനെയാണ് ഞാൻ മനസ്സിൽ കാണുന്നത്.
തേനും പാലും ഒന്നും ഒഴുകിയില്ലെങ്കിലും, മതത്തിന്റെയും കക്ഷി രാഷ്ട്രീയത്തിന്റെയും സ്പർദ്ധകളില്ലാത്ത,നന്മകൾ നിറഞ്ഞ ഒരു നാട് എന്റെയും സ്വപ്നമാണ്.”



