‘ എന്റെ നാട് ’പരമ്പര | മിഡ്ലൈൻ ന്യൂസ് | ശലഭ ജ്യോതിഷ്
നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും എൻ.എസ്.എസ്. കോ- ഓഡിനേറ്ററുമായ ശലഭ ജ്യോതിഷിന്റെ വീക്ഷണം.
സ്വന്തം നാടിനെ കുറിച്ച്, വരേണ്ട മാറ്റങ്ങൾ എന്തൊക്കെ, സാമൂഹ്യ അന്തരീക്ഷത്തിൽ വേണ്ട സമീപനമെന്ത് തുടങ്ങി നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന വിഷയങ്ങളിൽ, സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന മിഡ്ലൈൻ ന്യൂസ് ‘എന്റെ നാട്’ പരമ്പരയിൽ പങ്കാളിയാകുകയാണ് ശലഭ ജ്യോതിഷ്.
“പ്ലസ് ടു അധ്യാപിക, എൻ.എസ്സ്.എസ്. കോഓർഡിനേറ്റർ എന്ന നിലയിലും ജീവകാരുണ്യ പ്രവർത്തന രംഗത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലും എനിക്ക് പ്രധാനമായും തോന്നിയിട്ടുള്ളത് സമൂഹത്തിന്റെ വളർച്ച അടിസ്ഥാനതലത്തിൽ തുടങ്ങേണ്ടതാണെന്നു തന്നെയാണ്. അത് വിദ്യാഭ്യാസത്തിലൂടെയും, സഹാനുഭൂതിയിലൂടെയും, സജീവമായ സമൂഹത്തിന്റെ പങ്കാളിത്തത്തിലൂടെയും ആണ്
സാധ്യമാകുക എന്നാണ് കരുതുന്നത്.
സമൂഹത്തിലെ പല കുടുംബങ്ങളും നേരിടുന്ന ആഴത്തിലുള്ള നിരവധി പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ട് കണ്ടു ഇടപെടലുകൾ നടത്താനുള്ള അവസരം ലഭിച്ചപ്പോൾ മനസ്സിലാക്കിയ വലിയ കാര്യം, അവരോടൊപ്പം ആരൊക്കെയോ ഉണ്ടെന്നും എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നാൽ അവർ കൂടി ഒപ്പമുണ്ടാകുമെന്ന ഒരു തോന്നൽ അവരിൽ ഉണ്ടാക്കുന്ന ശുഭാപ്തിവിശ്വാസം വലിയ തോതിലുള്ള മാറ്റമാണ് അവരുടെ ജീവിതത്തിൽ സൃഷ്ടിക്കുക.
അതോടൊപ്പം അവരുടെ പ്രശ്ന പരിഹാരത്തിനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യുമ്പോൾ നാം ഒരു കുടുംബത്തെ മാത്രമല്ല ശാക്തീകരിക്കുന്നത്, മറിച്ച് ഉത്തരവാദിത്വ ബോധമുള്ള ഒരു സമൂഹത്തിലേക്ക് അവരെ ചേർത്ത് നിർത്തുകയും ചെയ്യുന്നു എന്ന വലിയ സാമൂഹ്യ ഉത്തരവാദിത്വം അറിയാതെ തന്നെ അവിടെ നിറവേറുന്നു എന്നതാണ് അടിസ്ഥാനപരമായി അവിടെ സംഭവിക്കുന്നതെന്ന കാര്യം ആണ് നാം ഓർക്കേണ്ടതും മനസ്സിൽ വെക്കേണ്ടതും എന്നാണ് എനിക്ക് തോന്നുന്നത്.
നാടിന്റെ വികസനം എന്നത് വെറും അടിസ്ഥാനസൗകര്യവികസനമോ, സാമ്പത്തിക വളർച്ചയോ മാത്രമായി കാണുന്നതിൽ അർത്ഥമുണ്ടന്ന് കരുതുന്നില്ല. അതിനോടൊപ്പം മനുഷ്യരെ ശാക്തീകരിക്കാനും, ഉത്തരവാദിത്തമുള്ള പുതുതലമുറയെ വാർത്തെടുക്കാനും, ഒരാളെയും ഒറ്റപ്പെടുത്താതെ സഹവർത്തിത്തത്തോടെ കഴിയുന്ന തലത്തിലേക്ക് മാനസിക വളർച്ച ഉള്ള സമൂഹം രൂപപ്പെടുത്താനും കഴിയുമ്പോഴേ വികസനം എന്നത് യാഥാർഥ്യമാകു എന്ന് ഞാൻ കരുതുന്നു.”
എന്നെ മാനസികമായി അലട്ടുന്ന ഒരു പ്രധാന പ്രശ്നം: റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മാനസിക വിഭ്രാന്തിയുള്ള ആളുകളാണ്. കേരളത്തിൽ തന്നെ അത്തരത്തിൽ ഒരാൾ ഇല്ലാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നുള്ളതിനെ കുറിച്ചും ഗൗരവമായി ചിന്തിക്കുന്നു. അതിന് എന്ത് പ്രവർത്തനങ്ങൾ നടത്താൻ കഴിയും എന്നതിനെ കുറിച്ചും ആലോചിക്കുന്നു. ഈ വിഷയത്തിലും ഞാൻ ശുഭാപ്തി വിശ്വാസത്തിൽ തന്നെ ആണ് ഉള്ളത്. നല്ല മനസ്സോടെ ഒരു പ്രവർത്തനത്തിന് ഇറങ്ങിയാൽ നമ്മോടൊപ്പം ചേർന്ന് നില്ക്കാൻ നൂറുകണക്കിന് നല്ല മനസ്സുകൾ ഒപ്പം ചേരുമെന്ന് തന്നെയാണ് വിശ്വാസം . ഇതുവരെയുള്ള പ്രവർത്തനങ്ങളിലെ അനുഭവം അങ്ങിനെ തന്നെയാണ്.
മിഡ്ലൈൻ ന്യൂസിൽ ഇത്തരം ഒരു അവസരം നൽകിയ ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു. സാമൂഹ്യപരമായി കൂടുതൽ ഇടപെടലുകൾ നടത്താൻ നിങ്ങൾക്ക് കഴിയട്ടെ, നന്ദി .“
ശലഭ ജ്യോതിഷ്
നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ശലഭ ജ്യോതിഷ്, എൻ.എസ്.എസ്. കോഓർഡിനേറ്ററായും പ്രവർത്തിക്കുന്നു. എൻ.എസ്.എസ്. പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനർക്കായി വീടുകൾ പണിയൽ, ജപ്തി ഒഴിവാക്കൽ, ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകൽ, ലഹരിവിരുദ്ധ ക്യാമ്പെയ്ൻ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ ശലഭയുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം ശ്രദ്ധേയമാണ്.
വയനാട് ഉരുൾപൊട്ടൽ ദുരന്തസഹായം മുതൽ ക്യാൻസർ ബാധിതരായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്നതുവരെ ശലഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധി ജീവിതങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചമായി. താൻ അദ്ധ്യാപികയായ വിദ്യാലയത്തിലെ പാചകരംഗത്ത് സേവനമനുഷ്ഠിക്കുന്ന തൊഴിലാളിക്ക് വീടുനിർമിച്ചുകൊടുക്കൽ വരെ നീണ്ടു നിൽക്കുന്ന സാമൂഹിക പ്രതിബദ്ധതയാണ് ശലഭ ജ്യോതിഷിന്റെ സാമൂഹ്യ ജീവിതത്തിന്റെ അക്ഷരാർത്ഥത്തിലുള്ള ഭംഗി.
ശലഭ ജ്യോതിഷ്
W/o അഡ്വ. ജ്യോതിഷ് വി ആർ
എച്ച് എസ് എസ് ടി സുവോളജി
എസ് എൻ ട്രസ്റ്റ് , നാട്ടിക, തൃശ്ശൂർ
മക്കൾ
ജിത്തു ജ്യോതിഷ് എംബിബിഎസ്
എയിംസ് ഡൽഹി
ജിഷ്ണു ജ്യോതിഷ്
ബിബിഎ എൽ എൽ ബി



