THRISSUR

പാഞ്ഞാളില്‍ ഞാറ്റുവേല ചന്ത നടത്തി

പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. തങ്കമ്മ ഉദ്ഘാടനം ചെയ്തു. നമ്മുടെ കാലവസ്ഥയുടെയും കാര്‍ഷിക സംസ്‌കാരത്തിൻ്റെയും ഭാഗമായ ഞാറ്റുവേല ചന്ത എല്ലായിടത്തും കൃഷി വകുപ്പിൻ്റെയും പഞ്ചായത്തിൻ്റെയും സഹായത്തോടെയാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഒരുക്കുന്നത്.

കാര്‍ഷിക യൂണിവേഴ്‌സിറ്റി വഴി വിതരണം ചെയ്യുന്നതടക്കമുള്ള വിവിധയിനം തൈകള്‍ ഞാറ്റുവേല ചന്തയില്‍ ലഭ്യമാണ്. മാവ്, പ്ലാവ്, സപ്പോട്ട, തെങ്ങിന്‍ തൈകള്‍, പച്ചക്കറി തൈകള്‍ തുടങ്ങിയ മഴക്കാലത്ത് നടാനുള്ള തൈകള്‍ പഴയന്നൂര്‍ അഗ്രോ ക്ലിനിക്കും പാഞ്ഞാള്‍ പഞ്ചായത്തും ചേര്‍ന്ന് നടത്തിയ ചന്തയില്‍ വിതരണം ചെയ്തു.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. അഗ്രികള്‍ച്ചര്‍ ഓഫീസര്‍ വി.ആര്‍ കൃഷ്ണ, പഞ്ചായത്ത് അംഗം രാധാകൃഷ്ണന്‍, സെക്രട്ടറി ഷെരീഫ്, സീനിയര്‍ കൃഷി അസിസ്റ്റൻ്റ് ഓഫീസര്‍ ബിനു, കൃഷി അസിസ്റ്റൻ്റ് ഓഫീസര്‍മാരായ സന്തോഷ്, സുസ്മിത, പാടശേഖരസമിതി പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.