സ്വാതന്ത്ര്യ ദിനാഘോഷം: ജില്ലാതല യോഗം ചേര്‍ന്നു
സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പതാക ഉയര്‍ത്തല്‍, സെറിമോണിയല്‍ പരേഡ് എന്നിവ നടത്തുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും പ്രവര്‍ത്തനവും ഉറപ്പ് വരുത്തുന്നതിനുള്ള യോഗം എ.ഡി.എം ടി. മുരളിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് എക്സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്നു. ആഗസ്റ്റ് 15 ന് വടക്കുംനാഥ ക്ഷേത്ര മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ കേരള ആംഡ് പോലീസ്, ആംഡ് റിസര്‍വ് പോലീസ്, എക്സൈസ്, വനംവകുപ്പ്, ഫയര്‍ ആന്റ് റെസ്ക്യു, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ അണിനിരക്കും. പരേഡിൻ്റെ ഭാഗമായുള്ള റിഹേഴ്സല്‍ ആഗസ്റ്റ് 9, 11, 12, 13 തിയ്യതികളില്‍ നടക്കും. തൃശ്ശൂര്‍ കോര്പ്പറേഷന് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന റാലി കോര്പ്പറേഷന് ഓഫീസ് പരിസരത്ത് നിന്നും ആഗസ്റ്റ് 15 ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കുകയും റൗണ്ട് ചുറ്റി വിദ്യാര്‍ത്ഥി കോര്‍ണറില്‍ സമാപിക്കുകയും ചെയ്യും.
സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് എ.ഡി.എം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ചുമതലകള്‍ നല്കി. ഉത്തരവാദിത്തപ്പെട്ട വകുപ്പുകള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ എ.ഡി.എം നിര്‍ദ്ദേശിച്ചു. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് നോഡല്‍ ഓഫീസറായ സബ് കമ്മിറ്റി രൂപീകരിച്ചു. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരവരുടെ കാര്യാലയങ്ങളില്‍ ദേശീയ പതാകയോടുള്ള ആദരവും ബഹുമാനവും നഷ്ടപ്പെടാത്ത രീതിയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ സമുചിതമായി നടത്തണമെന്ന് എ.ഡി.എം യോഗത്തില്‍ നിര്‍ദ്ദേശം നല്കി. യോഗത്തില്‍ തൃശ്ശൂര്‍ കോര്പ്പറേഷന് കൗണ്‍സില്‍ സെക്രട്ടറി എം. മനോജ്, വടക്കുംനാഥന് ദേവസ്വം മാനേജര്‍ കെ.എസ് രാജീവ്, പാറമേക്കാവ് ദേവസ്വം മാനേജര്‍ കെ.ജി സുകുമാരന്‍, പട്ടിക്കാട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.കെ ലോഹിതാക്ഷന്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



