THRISSUR

ഗാന്ധിജി – ഗുരുദേവൻ സംഗമശതാബ്ദി ആഘോഷം നാട്ടിക SNDP യൂണിയനിൽ

തൃപ്രയാർ : ഗാന്ധിജിയും ശ്രീനാരായണഗുരുദേവനും തമ്മിലുള്ള ചരിത്രസംഭവമായ സംഗമത്തിൻ്റെ ശതാബ്ദി ആഘോഷം ആഘോഷപൂർവ്വം നടന്നു. SNDP യോഗം നാട്ടിക യൂണിയൻ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ ചേർന്ന സംയുക്ത യോഗത്തിൽ യൂണിയൻ, ശാഖാ ഭാരവാഹികൾ, വനിതാസംഘം, യൂത്ത് മൂവ്മെൻ്റ്, മൈക്രോഫിനാൻസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ചെന്ത്രാപ്പിന്നി ശാഖയുടെ മുൻ പ്രസിഡണ്ടും RDC ട്രഷററുമായിരുന്ന രാജീവൻ തഷ്ണാത്തിൻ്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

2025 സെപ്റ്റംബർ 7 ഞായറാഴ്ച നടക്കുന്ന 171-മത് ശ്രീനാരായണ ഗുരുദേവ ജയന്തി അതിവിപുലമായി നടത്താൻ യോഗം തീരുമാനിച്ചു. വലപ്പാട് ചന്തപ്പടിയിൽ നിന്നും ആരംഭിച്ചു ശ്രീനാരായണ ക്ഷേത്രത്തിൽ സമാപിക്കുന്ന വർണ്ണശബളമായ ഘോഷയാത്ര, വാദ്യമേളം എന്നിവയോടെ ആഘോഷം നടത്തപ്പെടും. ആഘോഷം വിജയിപ്പിക്കാൻ 101 അംഗ കമ്മിറ്റിയും രൂപീകരിച്ചു.

ഗാന്ധിജിയും ഗുരുദേവനും തമ്മിലുള്ള ചരിത്രസംഭവത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണം യൂണിയൻ പ്രസിഡണ്ട് ശ്രീ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് നടത്തി. വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധിജിയുടെ പങ്കാളിത്തം, ശിവഗിരി മഠത്തിൽ ഗുരുവുമായുള്ള സംവാദം, “ഗുരുവിന് ഇംഗ്ലീഷ് അറിയുമോ?” എന്ന ഗാന്ധിജിയുടെ ചോദ്യം, “ഗാന്ധിജിക്ക് സംസ്കൃതം അറിയുമോ?” എന്ന ഗുരുവിൻ്റെ മറുപടി, സമൂഹമോക്ഷത്തെക്കുറിച്ചുള്ള ആന്തരദർശനങ്ങൾ എന്നിവ അദ്ദേഹം വിശദമായി പറഞ്ഞു. ഗുരുദേവൻ്റെ ദർശനം മാനവമനസ്സിൻ്റെ ഏകതയെ നേർക്കുനോക്കി എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വനിതാ സംഘം പ്രസിഡണ്ട് ബിന്ദു മനോജ് ഭദ്രദീപം തെളിയിച്ച് യോഗം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.വി. സുദീപ് കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ദീപൻ മാസ്റ്റർ, കെ.ജി. നാരായണദാസ്, ഗണേശൻ സി.എസ്, ബോർഡ് മെമ്പർ പ്രകാശ് കടവിൽ, വനിതാസംഘം സെക്രട്ടറി ശ്രീജാമൗസ്മി, യൂത്ത് മൂവ്മെൻ്റ് പ്രസിഡണ്ട് പ്രഭാശങ്കർ വി.പി. എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി സ്വാഗതവും, കൗൺസിലർ നരേന്ദ്രൻായി നന്ദിയും പറഞ്ഞു.