ചേറ്റുവയുടെ സാഹിത്യ പൈതൃകത്തിന് പുതിയ പേജുകൾ
ചേറ്റുവ: ചേറ്റുവയുടെ സാംസ്കാരികവും ഭാഷാപൈതൃകവും പുനർവിചാരിക്കുന്ന ഗ്രന്ഥമായി ചേറ്റുവ അസോസിയേഷൻ തയ്യാറാക്കി, ഗൂസ്ബെറി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ചേറ്റുവായനം’ വായനക്കാർക്ക് സമർപ്പിച്ചു. പ്രശസ്ത സംവിധായകനും സാഹിത്യകാരനുമായ പി. ടി. കുഞ്ഞുമുഹമ്മദ് പുസ്തകം പ്രകാശനം ചെയ്തു. ചേറ്റുവയ്ക്കു ഭാഷയോടും സാഹിത്യത്തോടും പാരമ്പര്യബന്ധമുണ്ടെന്നും അത് തലമുറകൾ കടന്നും തുടർന്നുനിൽക്കുന്നതിൽ അഭിമാനം തോന്നുന്നതായും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ചേറ്റുവയുടെ സമഗ്രമായ ചരിത്രമെഴുതുക എന്നത് ഏറെ നാളത്തെ തൻ്റെ സ്വപ്നമാണെന്നും അതിനെ യാഥാർത്ഥ്യമാക്കാനുള്ള ചുമതല ചേറ്റുവക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചേറ്റുവ അസോസിയേഷൻ ഈ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണത്തിലൂടെ ഒരു ഉന്നതസാധനമാണ് നേടിയതെന്നും അദ്ദേഹം വിലയിരുത്തി.

പ്രശസ്ത കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സാഹിത്യസദസ്യത്തിന് ഔപചാരിക തുടക്കം കുറിച്ചു. ആദ്യ പ്രതി ജി.എം. യു.പി. സ്കൂൾ മുഖ്യ അധ്യാപകൻ പി. ബി. സജീവിന് കൈമാറി. ഗ്രന്ഥത്തിലെ ലേഖനങ്ങൾ അരവിന്ദൻ പണിക്കശേരി പരിചയപ്പെടുത്തി. സീബു കൊട്ടിലിങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂസുഫ് സൈദു മുഹമ്മദ് സ്വാഗതവും, പ്രോഗ്രാം കോർഡിനേറ്റർ സുജിത് തെക്കേടത്ത് ആമുഖവും നിർവഹിച്ചു. പി.ടി.എ. പ്രസിഡണ്ട് നൂർജഹാൻ ലത്തീഫ് ആശംസകളും യൂസുഫ് ഹംസ നന്ദിയും രേഖപ്പെടുത്തി.



