THRISSUR

റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ സമരം

പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്തിലെ പെരിങ്ങോട്ടുകര മുതൽ പുത്തൻപീടിക വരെ തകർന്നുകിടക്കുന്ന റോഡുകൾ അടിയന്തിരമായി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം വാർഡ് മെമ്പർ ആന്റോ തൊറയൻ നേതൃത്വത്തിൽ വ്യത്യസ്തമായ ജനകീയ സമരം നടത്തി. സ്വന്തം വസ്ത്രത്തിൽ പ്രതിഷേധ സന്ദേശങ്ങൾ അച്ചടിച്ച പോസ്റ്ററുകൾ ധരിച്ചാണ് അദ്ദേഹം സമരത്തിൽ പങ്കെടുത്തത്.

ദൈനംദിന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് റോഡിൻ്റെ ദാരുണാവസ്ഥ മൂലം നേരിടേണ്ടിവരുന്നത്. ഇന്ന് രാവിലെ ഒരു സ്കൂട്ടർ യാത്രികൻ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ജനപ്രതിനിധികൾ പോലും ഈ വഴി ഒഴിവാക്കി യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. സ്കൂൾ കുട്ടികൾക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവർക്കും യാത്രക്കാർക്കും വലിയ ദുരിതം അനുഭവപ്പെടുകയാണ്.

തൽസ്ഥിതി തുടരുകയാണെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമര നടപടികൾ സ്വീകരിക്കുമെന്ന് ആന്റോ തൊറയൻ മുന്നറിയിപ്പ് നൽകി. സമരത്തിന് ബൈജു ബാലൻ, എം.കെ. ചന്ദ്രൻ, ലൂയിസ് താണിക്കൽ, അയ്യപ്പദാസ്, സർഗ്ഗ സംസ്കൃതി ചെയർമാൻ ജയൻ ബോസ്, സൗഹൃദ ഫൗണ്ടേഷൻ വൈ. ചെയർമാൻ പോൾ ചിറ്റിലപ്പിള്ളി, പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത്, വിൻസെന്റ് കുണ്ടുകുളങ്ങര, സജീവൻ ഞാറ്റുവെട്ടി എന്നിവർ നേതൃത്വം നൽകി.