വഴിയോര വിശ്രമകേന്ദ്രങ്ങൾ മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗം: മന്ത്രി എം.ബി. രാജേഷ്
അതിരപ്പിള്ളി മലക്കപ്പാറ യാത്രയിലെ പ്രധാന ഇടത്താവളമായ പുളിയിലപ്പാറയിൽ വനം വകുപ്പിൻ്റെ സഹായത്തോടെ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച വിശ്രമകേന്ദ്രമായ “ജസ്റ്റ് റിലാക്സ്” കെട്ടിടത്തിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
യാത്ര ചെയ്യുന്ന സമയത്ത് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമൊരുക്കുക എന്നത് കേരളത്തിലെ പ്രധാനപ്പെട്ട പ്രശ്നമാണെന്നും, അതിനെ മറികടക്കാൻ സർക്കാർ വഴിയോര വിശ്രമകേന്ദ്രങ്ങൾ ആരംഭിച്ചുവെന്നും മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായിട്ടാണ് ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
അതിരപ്പിള്ളി-വാഴച്ചാൽ വഴി ധാരാളം സഞ്ചാരികൾ വന്നുപോകുന്നയിടമാണ്. പ്രതിദിനം 10,000-ത്തിലധികം പേർ എത്തുന്ന ഇത്തരം കേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കുക വലിയ വെല്ലുവിളിയാണ്. അതിനാൽ എല്ലാവരും സഹകരിക്കണമെന്നും, മാലിന്യമുണ്ടാക്കുന്നത് നാം കൂടിയുൾപ്പെടുന്ന എല്ലാവരുമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ മാലിന്യ പരിപാലനത്തിൽ വലിയ മാറ്റം വന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഹരിത കർമ്മസേന 1,52,000 ടൺ മാലിന്യം ശേഖരിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പ്ലാസ്റ്റിക് കൊണ്ടുവരുന്നത് ഹരിത ചെക്ക് പോസ്റ്റ് വഴി
തടയുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയുന്നത് തടയാൻ സർക്കാർ പുതിയ നടപടിയിലേക്ക് കടക്കുകയാണെന്നും, സെപ്റ്റംബർ 10 മുതൽ തിരുവനന്തപുരം, കണ്ണൂർ ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് മുഴുവൻ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. മദ്യക്കുപ്പികൾക്ക് 20 രൂപ അധികമായി ഈടാക്കുകയും, സ്റ്റിക്കറും ക്യു ആർ കോഡും ഘടിപ്പിച്ച കുപ്പി തിരികെ കൊടുത്താൽ തുക തിരികെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ 1500-ലധികം ടേക്ക് ബ്രേക്ക് സെൻ്ററുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും, ഇവയുടെ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ പ്രത്യേക ആപ്പ് സംവിധാനവും സർക്കാർ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി. അസിസ്റ്റൻ്റ് എഞ്ചിനീയർ പി.വി. ആനന്ദൻ പദ്ധതി വിശദീകരണം നടത്തി.
2021-22 സാമ്പത്തിക വർഷത്തിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചത്. സി.എഫ്.സി. ഗ്രാൻ്റ് മുഖേന 57 ലക്ഷം രൂപ വിനിയോഗിച്ച് 2,500 ചതുരശ്ര അടി വിസ്തൃതിയുള്ള ബേസ്മെൻ്റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ, സ്റ്റെയർ ക്യാബിൻ എന്നിവ നിർമ്മിച്ചു.
തുടർന്ന് 2023-24ൽ 62 ലക്ഷം രൂപ കൂടി വിനിയോഗിച്ച് കെട്ടിടത്തിൻ്റെ പൂർത്തീകരണവും അധിക നിലയുടെ നിർമാണവും പൂർത്തിയാക്കി. ബേസ്മെന്റിൽ മൂന്ന് ടോയ്‌ലറ്റ്, ഒരു യൂറിനൽ ഏരിയ, ഒരു റസ്റ്റ് റൂം, വരാന്ത എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ മൂന്ന് ടോയ്‌ലറ്റ്, ഒരു ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, കഫ്റ്റീരിയ ഏരിയ, വരാന്ത എന്നിവയും ഒന്നാം നിലയിൽ രണ്ട് മുറിയും, ടെറസ് ഫ്ലോറിൽ മീറ്റിംഗുകൾക്കായി ഉപയോഗിക്കാവുന്ന സംവിധാനവുമാണ് സജ്ജമാക്കിയിരിക്കുന്നത്. മൊത്തം 5,000 ചതുരശ്ര അടി വിസ്തൃതിയുള്ള പദ്ധതിയാണ് പൂർത്തിയാക്കിയത്.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. റിജേഷ്, വൈസ് പ്രസിഡണ്ട് സൗമിനി മണിലാൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എം. അഷിത, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ധനലക്ഷ്മി പരമശിവം, തൃശ്ശൂർ ജില്ല ശുചിത്വമിഷൻ കോഡിനേറ്റർ കെ.കെ. മനോജ്, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു



