General

വിവിധ വകുപ്പിന് കീഴിലുള്ള നിയമനങ്ങൾ

ക്യാമ്പ് ഫോളേവര്‍ നിയമനം

രാമവര്‍മ്മപുരം: രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയില്‍ 59 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (ഒരു ദിവസം 750 രൂപ നിരക്കില്‍ ഒരു മാസത്തില്‍ ഏറ്റവും കൂടിയത് 20,250 രൂപ) ക്യാമ്പ് ഫോളേവര്‍ (വിവിധ വിഭാഗം) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിയമനത്തിനുള്ള എം പാനല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനായി മെയ് 29 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ, പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പ് എന്നിവ സഹിതം മെയ് 26 ന് വൈകിട്ട് അഞ്ചിനകം കേരള പോലീസ് അക്കാദമിയില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2328770.

എസ്.സി പ്രമോട്ടര്‍ നിയമനം

മാടക്കത്തറ : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലേക്ക് എസ്.സി പ്രമോട്ടറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മാടക്കത്തറ ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട പ്ലസ് ടു യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 29 ന് രണ്ടു മണി മുതല്‍ മൂന്നു മണി വരെ അയ്യന്തോളിലെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിശ്ചിത സമയത്തിനുശേഷം ഹാജരാകുന്നവരെ കൂടിക്കാഴ്ചയ്ക്ക് പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2360381, 8547630105 എന്നീ ഫോണ്‍ നമ്പറുകളിലോ ഒല്ലൂക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടുക.

ഫാം സൂപ്പര്‍വൈസര്‍ നിയമനം

അയ്യന്തോള്‍: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദമോ പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി മെയ് ഒന്നിന് 30 വയസ്സ് കവിയരുത്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസം 20,000 രൂപ ശമ്പളം ലഭിക്കും. ജൂണ്‍ നാലിന് രാവിലെ 10 മണി മുതല്‍ 11.30 വരെ നടക്കുന്ന എഴുത്തുപരീക്ഷയുടേയും തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ മെയ് 29 ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍, പിന്‍: 680001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

ഡോക്ടര്‍മാരുടെ താത്കാലിക ഒഴിവ്

തൃശ്ശൂര്‍: ജില്ലയില്‍ ആരോഗ്യവകുപ്പില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂണ്‍ രണ്ടിന് രാവിലെ 10 ന് ടി.സി.എം.സി സര്‍ട്ടിഫിക്കറ്റ്, ബിരുദ (എം.ബി.ബി.എസ്) സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് എന്നിവ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.