തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം
കൈപ്പമംഗലം: തീരത്തോട് ചേർന്ന് കണ്ണി വലിപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. കൈപ്പമംഗലം കൂരിക്കുഴി പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് അനധികൃതമായി കരവലി നടത്തിയതിന് പള്ളിപ്പുറം സ്വദേശി ഓസ്ബർട്ട് എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യൂൻ മേരി, കല്ലേറ്റുംകര സ്വദേശി സുധീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സഡക്കത്തുള്ള, പാളയംപറമ്പ് സ്വദ്ദേശി ആനന്ദ് ജോസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കുളദേശു എന്നീ ബോട്ടുകൾ പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴീക്കോട് ഹാർബറിൽ പരസ്യ ലേലം ചെയ്ത് ലഭിച്ച 71, 100 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും മൂന്ന് ബോട്ടിനും കൂടി 4,10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് മീൻപിടിത്തം നടത്തിയതിനും കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും, ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിത്തം നടത്തിയതിനുമാണ് പിഴ ചുമത്തിയത്. ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ കെ.പി ഗ്രേസ്സി, അഴീക്കോട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സുമിത, മറൈൻ എൻഫോഴ്സ്മെൻ്റ് ആൻ്റ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത്കുമാർ, വി.എം ഷൈബു, ഇ.ആർ ഷിനിൽകുമാർ, റെസ്‌ക്യൂ ഗാർഡുമാരായ റഫീക്ക്, കൃഷ്ണപ്രസാദ്, ശ്രേയസ് എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്. വരും ദിവസങ്ങളിൽ ആഴക്കടലിലും തീരക്കടലിലും ഹാർബറുകളിലും രാത്രിയും പകലും പ്രത്യേക സംഘത്തിൻ്റെ പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ. സി സീമ അറിയിച്ചു.



