ഠാണാ-ചന്തക്കുന്ന് ജംഗ്ഷന് വികസനംകെ.എസ്.ടി.പിയുടെ മേല്‍നോട്ടം വേണം: മന്ത്രി ഡോ. ആര്. ബിന്ദു
ഠാണാ-ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിൻ്റെ ഭാഗമായുള്ള റോഡ് നിര്‍മ്മാണത്തില്‍ കെ.എസ്.ടി.പിയുടെ നിരന്തര മേല്‍നോട്ടം ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍ദ്ദേശിച്ചു. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിലെ പുരോഗതി വിലയിരുത്തുന്നതിനായി തൃശ്ശൂര്‍ രാമനിലയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്.

ഠാണാ-ചന്തക്കുന്ന് റോഡ് വികസനമടക്കം തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റോഡില്‍ നടക്കുന്ന മുഴുവന്‍ നിര്‍മ്മാണ പ്രവൃത്തികളും 2026 ഫെബ്രുവരി 28 നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഠാണാ-ചന്തക്കുന്ന് റോഡില്‍ ചാലക്കുടി ഭാഗത്തേക്കും മൂന്നുപീടിക ഭാഗത്തേക്കുമുള്ള നിര്‍മ്മാണപ്രവൃത്തികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. ഈ ഭാഗങ്ങളിലെ ഡ്രൈനേജ് വര്‍ക്കുകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും പത്ത് ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഠാണാ-ചന്തക്കുന്ന് ഭാഗത്തെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പുരോഗമിക്കുകയാണ്. ഉടന്‍തന്നെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. കെ.എസ്.ടി.പി. നിര്‍മ്മാണത്തില്‍ ഠാണാ ജംഗ്ഷന് മുതല്‍ പൂതംകുളം വരെയുള്ള കാന നിര്‍മ്മാണത്തില്‍ അപാകതകളൊന്നും സംഭവിച്ചിട്ടില്ലെന്നും, കാനനിര്‍മ്മാണം പൂര്‍ത്തിയായ ശേഷം നടപ്പാതയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും കെ.എസ്.ടി.പി. ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു.
മറ്റ് റോഡുകളുടെ നിര്‍മ്മാണത്തില്‍ പുത്തന്‍തോട് മുതല്‍ ആറാട്ടുപുഴ വരെയുള്ള റോഡ് ഒക്ടോബര്‍ അഞ്ചിന് തുറന്നുനല്‍കും. കരുവന്നൂര്‍ മുതല്‍ പൂതംകുളം വരെയുള്ള റോഡിലെ ഇടറോഡുകളുടെ ബാക്കിയുള്ള നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കും. ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള ഭാഗം സെപ്റ്റംബര്‍ 30-നുള്ളില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന്, കെ.എസ്.ടി.പി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ റിജോ റിന്ന, കെ.എസ്.ടി.പി. ഉദ്യോഗസ്ഥര്‍, പോലീസ്, ഗതാഗത വകുപ്പ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍, ബസുടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു



