വികസനത്തിൻ്റെ പുതിയ മുഖം; കുന്നംകുളം താലൂക്ക് ആസ്ഥാനമന്ദിരം
കുന്നംകുളം സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യത്തിലേക്ക്. സിവിൽ സ്റ്റേഷനു വേണ്ടി നഗരത്തിൻ്റെ ഹൃദയഭാഗത്ത് ഉയർന്നുകൊണ്ടിരിക്കുന്ന നാല് നില കെട്ടിടം വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യത്തിൻ്റെ സാക്ഷാത്കാരമാണ്. സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ പല സ്ഥലങ്ങളിലുള്ള സർക്കാർ ഓഫീസുകളിലേക്കുള്ള പ്രദേശവാസികളുടെ അലച്ചിൽ അവസാനിക്കും. വിവിധ സർക്കാർ ഓഫീസുകളുടെ സേവനം ഇനി ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകും.
കുന്നംകുളം ആസ്ഥാനമായി പുതിയ താലൂക്ക് ഉണ്ടാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തലപ്പിള്ളി താലൂക്കിൻ്റെ വിപുലമായ വിസ്തീർണവും ഇത് മൂലം പ്രദേശവാസികൾക്ക് നേരിടേണ്ടിവന്ന യാത്ര ബുദ്ധിമുട്ടുകളുമായിരുന്നു അതിനുള്ള കാരണം. നേരത്തെ കിലോമീറ്ററോളം യാത്ര ചെയ്തു വടക്കാഞ്ചേരിയിലെ തലപ്പിള്ളി താലൂക്കിലേക്ക് പോകണമായിരുന്നു. പിന്നീട് 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരികയും തലപ്പിള്ളി താലൂക്ക് വിഭജിച്ച് കുന്നംകുളം താലൂക്ക് പ്രഖ്യാപനം നടത്തുകയും ചെയ്തു. 2018-2019 ബജറ്റിൽ തന്നെ കുന്നംകുളം താലൂക്ക് സിവിൽ സ്റ്റേഷന് ഭരണാനുമതിയും ലഭിച്ചു.
കുന്നംകുളം നഗരസഭ പ്രദേശത്തെ കുറുക്കൻപാറയിൽ 22.5 കോടി രൂപ ചെലവഴിച്ച് നാലേക്കർ സ്ഥലത്താണ് കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിൻ്റെ നിർമ്മാണം നടക്കുന്നത്. താലൂക്ക് ആസ്ഥാനമന്ദിര നിർമ്മാണ പ്രവൃത്തികൾക്ക് രണ്ട് ഘട്ടങ്ങളിലായാണ് ഭരണാനുമതി ലഭിച്ചത്. 2018 -19 വർഷത്തെ ബഡ്ജറ്റിൽ 10 കോടി രൂപയും 2022 -23 വർഷത്തെ ബഡ്ജറ്റിൽ 12.422 കോടി രൂപയ്ക്കും ഭരണാനുമതി ലഭിച്ചു.
5179 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ 1285 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള താഴെ നിലയിൽ താലൂക്ക് ഓഫീസും, 1279 ചതുരശ്ര മീറ്റർ വീതം വിസ്‌തീർണമുള്ള ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലായി ഇലക്ഷൻ വിഭാഗം, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ചരക്ക് സേവന നികുതി ഓഫീസ്, ഫുഡ് & സേഫ്റ്റി, ലേബർ ഓഫീസ്, ഡയറി, ലാൻഡ് റെക്കോർഡ്സ് തുടങ്ങിയ ഓഫീസുകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കുന്നംകുളം കക്കാട്ടുള്ള മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിലാണ് താലൂക്കിൻ്റെ താത്ക്കാലിക ആസ്ഥാനം ഇപ്പോൾ പ്രവർത്തിക്കുന്നത്. മന്ദിരത്തിൻ്റെ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും, ജനുവരിയിൽ തന്നെ ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് സമർപ്പിക്കാൻ സാധിക്കുമെന്നും എസി മൊയ്തീൻ എംഎൽഎ പറഞ്ഞു.



