THRISSUR

വെളപ്പായ റെയിൽവേ മേൽപ്പാലത്തിന് താഴെ വി-പാർക്ക്; 55.30 ലക്ഷം രൂപ

മുളങ്കുന്നത്തുകാവ്: മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ വെളപ്പായ റെയിൽവേ മേൽപ്പാലത്തിന് താഴെയുള്ള ഭാഗം സൗന്ദര്യവൽക്കരിച്ച് വീ പാർക്ക് ഒരുക്കുന്നതിനായി ടൂറിസം വകുപ്പ് 55.30 ലക്ഷം രൂപ അനുവദിച്ചു. വടക്കാഞ്ചേരി മണ്ഡലത്തിലെ എല്ലാ മേൽപ്പാലങ്ങൾക്ക് താഴെയും വി-പാർക്ക് യാഥാർത്ഥ്യമാക്കണമെന്ന താല്പര്യത്തോടെ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനം പരിഗണിച്ചാണ് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശപ്രകാരം വി-പാർക്കുകൾ അനുവദിച്ച് ഉത്തരവായത്. വെളപ്പായ മേൽപ്പാലത്തിന് താഴെ വീ പാർക്ക് സ്ഥാപിക്കുന്നതിനായി അനുവദിച്ച 55.30 ലക്ഷം രൂപ വിനിയോഗിച്ച് കഫേ, നടപ്പാത, ചുവർ ചിത്രങ്ങൾ, ബാഡ്മിന്റൺ കോർട്ട്, സീറ്റിങ്, ഓപ്പൺ ജിം, കുട്ടികളുടെ കളി ഉപകരണങ്ങൾ, ലാന്റ്സ്കേപ്പിംഗ്, ടോയ്‌ലെറ്റ്, ലൈറ്റിംഗ്, മറ്റു സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കും.