മഹാത്മാഗാന്ധി ചത്വരവും ഗാന്ധി പ്രതിമയും നാടിന് സമര്‍പ്പിച്ചു
കുന്നംകുളം: കുന്നംകുളം നഗരസഭ ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയും മഹാത്മാഗാന്ധി ചത്വരവും നാടിന് സമര്‍പ്പിച്ചു. ഇതോടൊപ്പം ചത്വരത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖവും അനാച്ഛാദനം ചെയ്തു. എ.സി മൊയ്തീന് എം.എല്‍.എ ഗാന്ധിപ്രതിമ അനാച്ഛാദനവും മഹാത്മാഗാന്ധി ചത്വരത്തിൻ്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. സംസ്ഥാന എസ്.സി, എസ്.ടി കമ്മീഷന് അംഗം ടി.കെ വാസു ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് അധ്യക്ഷത വഹിച്ചു.

നഗരസഭ വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചിലവഴിച്ചാണ് നഗരസഭയുടെ മുന്‍വശത്തുള്ള നഗരസഭയുടെ തന്നെ സ്ഥലത്ത് ഗാന്ധി ചത്വരവും പ്രതിമയും നിർമ്മിച്ചിട്ടുള്ളത്. ചത്വരത്തിൻ്റെ ചുറ്റുമതില്‍, ടൈല്‍ വിരിക്കല്‍, വൈദ്യുതീകരണം, ലൈറ്റുകള്‍ സ്ഥാപിക്കല്‍, ചത്വരത്തിനുള്ളില്‍ ഇരിപ്പിടം മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (ആര്‍ട്ട്കോ) എന്ന ഏജന്‍സിയാണ് നഗരസഭയ്ക്കുവേണ്ടി പദ്ധതി നടപ്പാക്കിയത്. ചടങ്ങില്‍ ആര്‍ട്ട്കോ പ്രതിനിധി ജോബിന്‍സിന് ഉപഹാരം നല്കി.

വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്, ടി.സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ. ഷെബീര്‍, കൗൺസിലര്‍മാരായ ലെബീബ് ഹസ്സന്, കെ.കെ മുരളി, ബിജു സി. ബേബി, മുന്‍ ചെയര്മാന്മാരായ കെ.സി ബാബു, സി.ഐ ഇട്ടിമാത്യു, പി.ജി ജയപ്രകാശ്, ഉണ്ണികൃഷ്ണന് മാസ്റ്റര്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ഐ തോമസ്, വി.കെ തമ്പി, ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധി കെ.പി സാക്സണ്‍, നഗരസഭ എ.എക്സ്.ഇ ബിനയ്ബോസ്, പി.എച്ച്.ഐ എ. രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു.



