ഭിന്നശേഷി കലോത്സവം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു
വെള്ളാങ്ങല്ലൂര്‍: ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ഭിന്നശേഷി കലോത്സവം ‘ചാഞ്ചക്കം ചിഞ്ചക്കം മേളം വന്നേ’ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഭിന്നശേഷി വിഭാഗത്തിൻ്റെ ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. തടസ്സരഹിതമായ ജീവിതം ഒരുക്കണമെന്നാണ് സാമൂഹ്യ നീതി വകുപ്പിൻ്റെ കാഴ്ചപ്പാട്. മനുഷ്യ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലേക്കും ആത്മവിശ്വാസത്തോടെ കടന്നുവരാന്‍ സാധിക്കണമെന്നും അതിനായി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെള്ളാനല്ലൂര്‍ പി.സി.കെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് അധ്യക്ഷത വഹിച്ചു. പ്രശസ്ത ബാല സാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് അമ്മനത്ത്, പ്രസന്ന അനില്‍കുമാര്‍, അസ്മാബി ലത്തീഫ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഖാദര്‍ പട്ടേപ്പാടം, വനിത – ശിശു വികസന ഓഫീസര്‍ കെ. ബബിത എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനുശേഷം ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.



