THRISSUR

ഓണത്തിനു വേണ്ടതെല്ലാം കുടുംബശ്രീ മേളയിലുണ്ട്

ഓണത്തിന് കാഴ്ചക്കുലയ്ക്കായി പ്രധാനമായും ഉപയോഗിക്കുന്ന ഇനമാണ് തൃശൂർ ജില്ലയിലെ ചെങ്ങഴിക്കോട് ഗ്രാമത്തിൽ ഉത്ഭവിച്ച് തൃശ്ശൂരിൻ്റെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്ന ചങ്ങാലിക്കോടൻ നേന്ത്രൻ. നിലവിൽ ഓണക്കാല വിപണിയിൽ വലിയ ആവശ്യക്കാരുള്ള ചങ്ങാലിക്കോടൻ ഇപ്പോൾ തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന കുടുംബശ്രീ വിപണമേളയിൽ ലഭിക്കും.

നേന്ത്രനുപുറമേ വരവൂർ ഗോൾഡ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കൂർക്കയും ലഭിക്കും. മണ്ണിൻ്റെ സവിശേഷതയും ജൈവകൃഷിരീതിയും ആണ് വരവൂർ ഗോൾഡിൻ്റെ പ്രത്യേകത. ഇതിനു പുറമെ കുടുംബശ്രീയുടെ സ്വന്തം കൃഷിയിടങ്ങളിൽ വിളയിച്ചെടുത്ത വിവിധതരം പച്ചക്കറികളും ലഭ്യമാണ്. 50 ഓളം സ്റ്റാളുകളിലായി കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന വിവിധതരം ഉല്പന്നങ്ങളും കരകൗശല വസ്തുക്കളും തുണിത്തരങ്ങളും ലഭ്യമാണ്.

കുടുംബശ്രീ ഫുഡ്‌ കോർട്ട് ആണ് മേളയിലെ മറ്റൊരു പ്രധാന ആകർഷണം. വിവിധ ജില്ലകളിലെ രുചി വൈവിധ്യം ഒരൊറ്റ തീൻമേശയിൽ ലഭ്യമാവും. കുടുംബശ്രീയുടെ സ്വന്തം വയനാടൻ വനസുന്ദരി, കാസർഗോഡ് നെയ് പത്തലും ചിക്കൻ ചുക്കയും, ബിരിയാണികൾ, വിവിധതരം പായസങ്ങൾ, ജ്യൂസുകൾ, ലൈവ് ചിപ്സ് തുടങ്ങിയവ കുടുംബസമേതം വന്ന് ആസ്വദിക്കാം.

ഓഗസ്റ്റ് 28 നു തുടങ്ങിയ മേള സെപ്റ്റംബർ 4 വരെയുണ്ടാവും. എല്ലാദിവസവും വൈകുന്നേരങ്ങളിൽ കുടുംബശ്രീ അംഗങ്ങൾ, ജീവനക്കാർ, കലാലയങ്ങളിലെ വിദ്യാർത്ഥികൾ, കലാ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവരുടെ കലാപരിപാടിയും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.