വടക്കാഞ്ചേരി ഗവ. എൽ പി സ്കൂളിന് പുതിയ കെട്ടിടം
വടക്കാഞ്ചേരി: വടക്കാഞ്ചേരി ഗവ. എൽ.പി സ്കൂളിൻ്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ എല്ലാ മേഖലയിലും സമഗ്ര വികസനം നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധ്യക്ഷത നിർവഹിച്ചുകൊണ്ട് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ എം.എൽ.എ ആസ്തി വികസന ഫണ്ട് ഉൾപ്പെടെ 34 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ നാലര വർഷക്കാലമായി അനുവദിച്ചത്. അതിൽ അഞ്ച് വിദ്യാലയങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. ടൂറിസം വികസനത്തിന് 20 കോടി രൂപയുടെ ഭരണാനുമതിയും നിർവഹണവുമാണ് നടക്കുന്നത്. പൊതുമരാമത്ത് രംഗത്ത് 117 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. തുടങ്ങി വികസന പ്രവർത്തനങ്ങളെക്കുറിച്ച് എംഎൽഎ വിശദീകരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാകിരണം പദ്ധതിൽ ഉൾപ്പെടുത്തി 1.17 കോടി രൂപ ഉപയോഗിച്ചാണ് വടക്കാഞ്ചേരി ഗവൺമെൻ്റ് എൽ പി ബോയ്സ് സ്കൂളിൻ്റെ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും, വരാന്ത, ഗോവണി,സ്റ്റീൽ വിൻഡോ,വാതിലുകൾ, ബാത്റൂം ഉൾപ്പെടെ 542 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. വടക്കാഞ്ചേരി നഗരസഭയുടെ 2024- 25 സാമ്പത്തിക വർഷത്തെ മെയിന്റനൻസ് ഗ്രാൻഡ് പത്ത് ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതിൽ കവാടം ഗേറ്റ് എന്നിവയും നിർമ്മിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ സ്മാർട്ട് ക്ലാസ്സ് റൂമുകളുൾപ്പെടെ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വടക്കാഞ്ചേരി നഗരസഭ അസിസ്റ്റൻ്റ് എൻജിനീയർ റിസ്മി മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ പി എൻ സുരേന്ദ്രൻ, വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി വി മുഹമ്മദ് ബഷീർ, അനൂപ് കിഷോർ, പി. ആർ അരവിന്ദാക്ഷൻ, ജമീല ബി ഷംസുദ്ദീൻ, കൗൺസിലർമാരായ സന്ധ്യ കൊടയ്ക്കാടത്ത്, എ. ഡി അജി, സരിത ദീപൻ, രമ്യ സുന്ദരൻ, മല്ലിക സുരേഷ്, കെ. യു പ്രദീപ്, ഷീല മുരളി, കെ. വിജേഷ്, വടക്കാഞ്ചേരി എ.ഇ.ഒ ഷീജ കുനിയിൽ, ബിപിസി സി.സി ജയപ്രദ, സ്കൂൾ ഹെഡ്മിസ്ട്രസ് വി ജെ സ്റ്റെല്ല, പിടിഎ പ്രസിഡൻ്റ് സിറാജ് മാരാത്ത്, എസ്. എം.സി ചെയർമാൻ മിഥുൻ ആൻ്റ്ണി, എം. പി.ടി.എ പ്രസിഡൻ്റ് അനീഷ റിൻഷാദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, കലാസാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



