ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് നിർവഹിച്ചു: പുസ്തകവണ്ടി ‘ആരണ്യകത്തിലേക്ക്’
തൃശ്ശൂർ: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പട്ടികവർഗ ഉന്നതിയായ താമര വെള്ളച്ചാലിൽ ആരംഭിക്കുന്ന ‘ആരണ്യകം ശിശുക്ഷേമ ട്രൈബൽ ഗ്രന്ഥശാല ‘ യിലേക്കുള്ള ഒന്നരലക്ഷത്തോളം രൂപ വില വരുന്ന 1500 പുസ്തകങ്ങൾ അടങ്ങിയ വണ്ടിയുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ അർജൻ പാണ്ഡ്യൻ നിർവഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി പാണഞ്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈദ അബൂബക്കർക്ക് പുസ്തകങ്ങൾ കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം . സുരേന്ദ്രൻ അദ്ദേഹം രചിച്ച പുസ്തകങ്ങളും കൈമാറുകയുണ്ടായി. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. പി. ഭാനുമതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ പശുപതി, താമരവെള്ളച്ചാൽ വാർഡ് മെമ്പർ അജിത മോഹൻദാസ്, ഊരു മൂപ്പൻ ടി. സി. വാസു, രാജേഷ് ഐ ജി, എന്നിവർ സംസാരിച്ചു. ശിശുക്ഷേമ സമിതി കമ്മറ്റി അംഗങ്ങളായ പി.ഭാനുമതി, പി കെ വിജയൻ , വികെ ഉണ്ണികൃഷ്ണൻ , കെഎസ് പത്മിനി, സാജൻ ഇഗ്നേഷ്യസ്, ഡോക്ടർ ബെന്നി ജേക്കബ്, വി എം കരീം, ബാലകൃഷ്ണൻ അഞ്ചത്ത്, എന്നിവർ ലൈബ്രറിയിലേക്ക് താഴെപ്പറയുന്ന പ്രസിദ്ധീകരണങ്ങളുടെ വാർഷിക വരിസംഖ്യ സംഭാവനയായി നൽകി. ദേശാഭിമാനി, മാതൃഭൂമി, മലയാള മനോരമ, കേരളകൗമുദി ദിനപ്പത്രങ്ങളും വാർത്ത, ശാസ്ത്രകേരളം, യുറീക്ക എന്നിവയുമാണ് നൽകിയത്.



