THRISSUR

ഫയലുകളിൽ നിന്ന് വയലുകളിലേക്ക്

കണ്ണോത്ത്: ഔദ്യോഗിക ഫയലുകളുടെ തിരക്കുകള്‍ മാറ്റിവെച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പാടത്തിറങ്ങിയത് കര്‍ഷകര്‍ക്ക് ഒരു സര്‍പ്രൈസ് കാഴ്ചയായി. മണലിപ്പുഴ-കണ്ണോത്ത് കോള്‍പ്പാടശേഖരത്തില്‍ പുതിയ കൃഷിക്കായി നിലമൊരുക്കുന്ന കര്‍ഷകരുടെ അടുത്തെത്തിയ കളക്ടര്‍ അവരിലൊരാളായിമാറി. കൃഷിക്കായി ഒരുക്കിയ ഉഴുതുമറിച്ച രണ്ട് പാടശേഖരങ്ങളാണ് കളക്ടര്‍ സന്ദര്‍ശിച്ചത്.

കര്‍ഷകരുമായി സംസാരിക്കുന്നതിനിടയില്‍ നിലമുഴാന്‍ തയ്യാറായി നിന്നിരുന്ന ട്രാക്ടര്‍ കണ്ടപ്പോള്‍ ഒരു കൈ നോക്കണമോയെന്ന് കളക്ടര്‍ ഒന്ന് സംശയിച്ചു. കര്‍ഷകരുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ പിന്നെ മടിച്ചില്ല. മടിയൊന്നുമില്ലാതെ കളക്ടര്‍ ട്രാക്ടറിൻ്റെ സ്റ്റിയറിംഗ് ഏറ്റെടുത്തു. കോള്‍പ്പാടത്തിൻ്റെ ചെളിയിലൂടെ ട്രാക്ടര്‍ ഓടിച്ച് നിലമുഴുതപ്പോള്‍ കളക്ടറെ കൗതുകത്തോടെ നോക്കിനില്‍ക്കുകയായിരുന്നു കര്‍ഷകരും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരും. മണ്ണില്‍ പണിയെടുക്കുന്നതിൻ്റെ അനുഭവം നേരിട്ടറിയാന്‍ ഇത് സഹായിച്ചെന്ന് അദ്ദേഹം കര്‍ഷകരോട് പറഞ്ഞു.

കളക്ടറുടെ ലാളിത്യവും മണ്ണിനോടുള്ള സ്‌നേഹവും കണ്ടപ്പോള്‍ വിളവെടുപ്പിന് എത്താന്‍ അദ്ദേഹത്തെ ഹൃദയപൂര്‍വം കര്‍ഷകര്‍ ക്ഷണിച്ചു. വിളവെടുപ്പിന് തീര്‍ച്ചയായും കൂടെയുണ്ടാകും എന്ന് ഉറപ്പുനല്‍കിയാണ് കളക്ടര്‍ പാടശേഖരത്തില്‍ നിന്ന് മടങ്ങിയത്.

ഡെപ്യൂട്ടി കളക്ടര്‍ കെ.ജി. പ്രാണ്‍സിംഗ്, കൃഷിവകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടര്‍ ബെറ്റ്‌സി മറീന ജോണ്‍, മുല്ലശ്ശേരി കൃഷി ഓഫീസര്‍ സി.ആര്‍ രാഗേഷ്, പുഞ്ച സ്‌പെഷ്യല്‍ ഓഫീസിലെ വില്ലേജ് ഓഫീസര്‍ പി.കെ ഷാജികുമാര്‍, മണലിപ്പുഴ-കണ്ണോത്ത് കോള്‍പ്പാടം പ്രസിഡൻ്റ് കെ.പി മുഹമ്മദ്, സെക്രട്ടറി കെ.പി രാജേഷ്, അനില്‍ തോട്ടപ്പിള്ളി തുടങ്ങിയവരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.