കേച്ചേരി അക്കിക്കാവ് ബൈപാസ് പൊതുജനങ്ങൾക്ക് തുറന്ന് നൽകും
കേച്ചേരി: പൊതുമരാമത്ത് റോഡുകളിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയ ആദ്യത്തെ റോഡെന്ന ഖ്യാതിയുള്ള കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങി. ഒക്ടോബർ 27 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബൈപാസ് റോഡ് ഉദ്ഘാടനം ചെയ്യും. എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പന്നിത്തടത്ത് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ എ.സി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജലീൽ ആദൂർ, എ.വി വല്ലഭൻ, കിഫ്ബി അസിസ്റ്റൻ്റ് എഞ്ചിനീയർ ഇ.ഐ സജിത്ത്, പഞ്ചായത്ത് പ്രസിഡൻ്റ്മാരായ കെ രാമകൃഷ്ണൻ, മീന സാജൻ, രേഖ സുനിൽ എന്നിവർ സംസാരിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മീന സാജിനെ ചെയർപേഴ്സനായും, കെ.ആർ.എഫ്.ബി എ.ഇ.ഇ ഇ.ഐ സജിത്തിനെ കൺവീനറായും തിരഞ്ഞെടുത്തു.
തൃശൂർ ജില്ലയിലെ കുന്നംകുളം നഗരപ്രദേശത്തെ ഗതാഗത തിരക്ക് കുറയ്ക്കുകയും, തൃശൂരിൽ നിന്ന് കേരളത്തിൻ്റെ ഉത്തര മേഖലകളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നതിനായി നടപ്പാക്കിയ കേച്ചേരി – അക്കിക്കാവ് ബൈപ്പാസ് റോഡിന്റെ നവീകരണ പ്രവർത്തികളാണ് പൂർത്തിയായത്. ഈ ബൈപ്പാസ് ഉപയോഗിച്ച് സഞ്ചരിക്കുന്നവർക്ക് ഏകദേശം നാല് കിലോമീറ്റർ ദൂരം ലാഭിച്ച് യാത്ര നടത്താൻ സാധിക്കുന്നു.
മൊത്തം 9.88 കിലോമീറ്റർ നീളമുള്ള ഈ റോഡ് വേലൂർ – കുറാഞ്ചേരി സംസ്ഥാനപാതയിൽ കേച്ചേരിയിൽ നിന്ന് ആരംഭിച്ച്, ചാവക്കാട്– വടക്കാഞ്ചേരി സംസ്ഥാനപാതയ്ക്ക് കുറുകെ പന്നിത്തടം ജംഗ്ഷനിലൂടെ കടന്നുപോയി തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിലെ അക്കിക്കാവിൽ അവസാനിക്കുന്നു. കിഫ്ബിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് 12 മീറ്റർ വീതിയിലാണ് റോഡിന്റെ നവീകരണം നടപ്പാക്കിയിരിക്കുന്നത്.
റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി ബി.എം-ബി.സി ടാറിങ്ങ് ഉൾപ്പെടെ ഐആർസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റോഡ് സുരക്ഷാ സംവിധാനങ്ങളും വിജയകരമായി നടപ്പിലാക്കി. 1.90 കിലോമീറ്റർ നീളത്തിൽ വയലിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ, ആധുനിക സാങ്കേതിക വിദ്യയായ ജിയോ സെൽ–ജിയോ ടെക്സ്റ്റൈൽ സംവിധാനം വിരിച്ച് സബ്ഗ്രേഡ് ബലപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ പ്രയോഗിച്ചുള്ള ആദ്യത്തെ പൊതുമരാമത്ത് വകുപ്പിൻ്റെ റോഡാണ് കേച്ചേരി–അക്കിക്കാവ് ബൈപ്പാസ്. പദ്ധതിയുടെ ഭാഗമായി, പന്നിത്തടം ജംഗ്ഷനിൽ ₹19.39 ലക്ഷം രൂപ ചെലവിൽ കെൽട്രോണിൻ്റെ നേതൃത്വത്തിൽ സോളാർ പവർഡ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ജംഗ്ഷനിൽ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ പരിഗണിച്ച് ഈ സിഗ്നൽ സംവിധാനം നടപ്പിലാക്കിയതോടൊപ്പം, സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി യെല്ലോ ബോക്സ് മാർക്കിംഗ് (കീപ് ക്ലിയർ മാർക്കിംഗ്) എന്നറിയപ്പെടുന്ന റോഡ് മാർക്കിംഗും അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിൻ്റെ റോഡുകളിൽ ഇത്തരത്തിലുള്ള മാർക്കിംഗ് നടപ്പിലാക്കുന്നത് ഇതാദ്യമായാണ്.
റോഡ് നിർമാണ ഘട്ടത്തിൽ, കെ ആർ എഫ് ബി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 0.54 ഹെക്ടർ പൊതുമരാമത്ത് പുറമ്പോക്ക് ഭൂമി ഒഴിപ്പിച്ച് റോഡിനോട് ചേർത്തതോടൊപ്പം, എ. സി. മൊയ്തീൻ എംഎൽഎ, പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാർ, കെ ആർ എഫ് ബി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംയുക്ത ഇടപെടലിൽ 0.5456 ഹെക്ടർ ഭൂമി മുൻകൂറായി ഏറ്റെടുത്ത് മാനദണ്ഡങ്ങൾക്കനുസരിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കുകയുണ്ടായി. ഭൂമി നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.



