THRISSUR

സുവോളജിക്കല്‍ പാര്‍ക്കില്‍ പെറ്റിങ് സൂവിന് ശിലാസ്ഥാപന കര്‍മ്മം നടത്തി

പുത്തൂർ: സുവോളജിക്കല്‍ പാര്‍ക്കിൻ്റെ അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പെറ്റിങ് സൂവിൻ്റെ നിര്‍മ്മാണോദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി തയ്യാറാക്കിയ ആവാസ ഇടങ്ങളും സഞ്ചാരി സൗഹൃദ നിര്‍മ്മാണ രീതികളും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനെ ലോകത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കര്‍ ഓണ്‍ലൈനായി നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പാര്‍ക്കിൻ്റെ ഭാഗമായി നിര്‍മ്മിക്കുന്ന പെറ്റിങ് സൂ കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും നമ്മുടെ നാട്ടില്‍ പുതിയൊരു അനുഭവമാകും. വളര്‍ത്തു മുഗങ്ങളുമായുള്ള ചങ്ങാത്തം മനുഷ്യരില്‍ ദയ എന്ന വികാരം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പഠനം. സഞ്ചാരികളായി എത്തുന്ന കുട്ടികളിലും മറ്റ് ആളുകളിലും ദയ എന്ന വികാരം സൃഷ്ടിക്കാന്‍ പുത്തൂരില്‍ സ്ഥാപിതമാകുന്ന പെറ്റിങ് സൂവിന് കഴിയട്ടെ എന്നും സ്പീക്കര്‍ ആശംസിച്ചു. കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളെയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ പദ്ധതിയിടണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനോടും മുഖ്യാതിഥിയായിരുന്ന റവന്യു വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ. രാജനോടും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ആവശ്യപ്പെട്ടു.

വന്യ ജീവികളും ഓമന മൃഗങ്ങളും പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്ന് ജീവിക്കുന്നവയാണെന്നും ആ സഹവര്‍ത്തിത്വം അനുഭവിപ്പിക്കുന്ന വിധത്തിലാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സജ്ജമാക്കിയിട്ടുള്ളതെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കാലാനുസൃത പുരോഗതിയിലൂടെ സുവോളജിക്കല്‍ പാര്‍ക്കിനെ ലോകത്തെ മികച്ച ഒന്നാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. നിര്‍മ്മാണം എന്ന് പൂര്‍ത്തിയാകും എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ഇനിയുള്ള നാളുകള്‍ പാര്‍ക്കിലെത്തുന്ന പുതിയ പുതിയ ജീവികളുടെ ആവാസ ഇടമൊരുക്കലിൻ്റെ ഭാഗമായ നവീകരണമാകും. അത് സുവോളജിക്കല്‍ പാര്‍ക്ക് നിലനില്‍ക്കുന്നിടത്തോളം തുടരുമെന്നും മന്ത്രി പറഞ്ഞു.

ലോകത്ത് ഇന്ന് കാണുന്ന ഏറ്റവും മികച്ച സുവോളജിക്കല്‍ പാര്‍ക്കുകളെല്ലാം മുപ്പത് മുതല്‍ നൂറ് വര്‍ഷം വരെയുള്ള കാലം കൊണ്ട് വികസിപ്പിച്ചെടുത്തവയാണെന്ന് ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച സുവോളജിക്കല്‍ പാര്‍ക്ക് സ്‌പെഷല്‍ ഓഫീസര്‍ കെ.ജെ വര്‍ഗ്ഗീസ് ചൂണ്ടിക്കാട്ടി. തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്ന ആശയത്തിന് നാല് പതിറ്റാണ്ടിൻ്റെ പഴക്കമുണ്ടെങ്കിലും കഴിഞ്ഞ ആറ് വര്‍ഷത്തെ നിര്‍മ്മാണ നിര്‍വ്വഹണം കൊണ്ട് മാത്രമാണ് ഇത്രയും ആകര്‍ഷകമാക്കി മാറ്റിയെടുക്കാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ചടങ്ങിന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി.എന്‍ നാഗരാജ് സ്വാഗതവും സൂവോളജിക്കല്‍ പാര്‍ക്ക് അസിസ്റ്റൻ്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.എന്‍ നജ്മല്‍ അമീന്‍ നന്ദിയും പറഞ്ഞു. പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണന്‍, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ്, ജനപ്രതിനിധികളായ സിനി പ്രദീപ് കുമാര്‍, പി.എസ് സജിത്ത്, എന്‍.ജി സനൂപ്, ഷാജി വാരപ്പെട്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.