ആലുക്കൽ പാലത്തിൻ്റെ പുനർനിർമ്മാണോദ്ഘാടനം നിർവഹിച്ചു
കുന്നംകുളം: കുന്നംകുളം നിയോജകമണ്ഡലത്തിലെ വേലൂർ -പോസ്റ്റ് ഓഫീസ് -തയ്യൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ആലുക്കൽ പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം ഇന്നലെ രാത്രി ഏഴുമണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആലുങ്ങൽ പാലം പരിസരത്ത് നടക്കുന്ന ചടങ്ങിൽ എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. കെ.രാധാകൃഷ്ണൻ എം.പി വിശിഷ്ടാതിഥിയായി. 1989 ൽ നിർമ്മിച്ച ആലുക്കൽ പാലം റോഡിനെ അപേക്ഷിച്ച് വളരെ ഇടുങ്ങിയതാണ്. നിലവിൽ 30 മീറ്റർ വീതിയുള്ള റോഡിൽ 4.0 മീറ്റർ മാത്രം കാരേജ് വേയുള്ള പഴയപാലം ഗതാഗതത്തിന് അപര്യാപ്തമാണ്. കൂടാതെ, പാലത്തിൻ്റെ അടിഭാഗം കമ്പികൾ തുരുമ്പിച്ച് അപകടാവസ്ഥയിലുമാണ്. ഇതിനാലാണ് നിലവിലുള്ള പാലം പൊളിച്ച് വീതി കൂട്ടി പുതിയ പാലം നിർമ്മിക്കുന്നത്.
എ.സി മൊയ്തീൻ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 4.20 കോടി രൂപ ചിലവഴിച്ചാണ് പുതിയ പാലം നിർമ്മിക്കുക. പാലത്തിന് 12 മീറ്റർ നീളത്തിൽ മൂന്ന് സ്പാനുകളോട് കൂടി ആകെ 36 മീറ്റർ നീളവും പാലത്തിൻ്റെ ഒരു വശത്ത് 1.50 മീറ്റർ വീതിയുള്ള നടപ്പാതയും 7.50 മീറ്റർ വീതിയുള്ള കാരേജ് വേയും നിർമ്മിക്കും. മഴക്കാലത്ത് സ്ഥിരമായി ജലനിരപ്പ് ഉയരുന്ന സ്ഥലമായതിനാൽ സബ്മേഴ്സിബിൾ പാലം ആയാണ് നിർമ്മാണം നടത്തുന്നത്. പാലത്തിൻ്റെ ഇരു വശങ്ങളിലും സിമൻ്റ് കോൺക്രീറ്റ് കൊണ്ടുള്ള സംരക്ഷണഭിത്തി കെട്ടി, ഇരുവശവും ടൈൽ വിരിച്ച് അപ്രോച്ച് നിർമ്മിക്കുന്നതും കൂടാതെ പാലം നിർമ്മിക്കുന്ന സ്ഥലത്ത് തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും കുടിവെള്ള പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കുകയും ചെയ്യും. ചടങ്ങിൽ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബസന്ത് ലാൽ, വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ ഷോബി തുടങ്ങിയവർ മുഖ്യാതിഥികളായി.



