THRISSUR

നഗരകാഴ്ചകള്‍ കണ്ട് ഉന്നതികളിലെ വയോജനങ്ങള്‍

പുത്തൂര്‍: കാടിൻ്റെയും കാട്ടാറുകളുടെയും ഹൃദയത്തുടിപ്പറിഞ്ഞ കാടിൻ്റെ മക്കള്‍ നാടിൻ്റെ വര്‍ണ്ണങ്ങള്‍ തേടി നഗരകാഴ്ചകള്‍ കാണാനെത്തി. പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മരോട്ടിച്ചാല്‍, പഴവള്ളം, വല്ലൂര്‍ ആദിവാസി ഉന്നതികളിലെ 60 വയസ്സുകഴിഞ്ഞ 25 പേരുടെ സംഘമാണ് നാടറിയാന്‍ ജില്ലാ കളക്ട്രേറ്റിലെത്തിയത്.

മരോട്ടിച്ചാലില്‍ നിന്നും നഗര കാഴ്ചകള്‍ കാണാനായി അവസരം ഒരുക്കിയതിന് സിവില്‍ സ്റ്റേഷനിലെത്തി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനോട് നന്ദി പറഞ്ഞുകൊണ്ടാണ് ഊരു മൂപ്പത്തി ശാന്താ ശിവരാമനും സംഘവും നഗര പര്യടനം ആരംഭിച്ചത്. സിവില്‍ സ്റ്റേഷനിലെത്തിയ സംഘത്തെ ജില്ലാ കളക്ടര്‍ സ്വീകരിച്ചു. കഴിഞ്ഞ ആഴ്ച മരോട്ടിച്ചാല്‍ ഉന്നതി സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനോട് ഉന്നതി നിവാസികള്‍ നഗരം കാണണമെന്ന് ആഗ്രഹം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ഇങ്ങനെയൊരു അവസരമൊരുക്കിയത്.

ഇവരുടെ യാത്രയ്ക്കായി കെ.എസ്.ആര്‍.ടി.സി ബസ്സ് പ്രത്യേകമായി ഏര്‍പ്പാടാക്കി. സിവില്‍ സ്റ്റേഷന്‍ ചുറ്റിക്കണ്ടതിനു ശേഷം ഗുരുവായൂര്‍ ആനക്കോട്ട, ബ്ലാങ്ങാട് ബീച്ച്, മറൈന്‍ അക്വേറിയം എന്നീ സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു. ജില്ലാ ഭരണകൂടവും പട്ടിക വര്‍ഗ്ഗ വികസന വകുപ്പും ചേര്‍ന്നാണ് വിനോദയാത്രയ്ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയത്. എസ്.ടി പ്രമോട്ടര്‍മാരും ജില്ലാ കളക്ടറുടെ ഇൻ്റേണ്‍സും ചേര്‍ന്നാണ് വിനോദയാത്രയില്‍ പങ്കെടുത്തുകൊണ്ട് വയോജനങ്ങളെ ഏകോപിപ്പിച്ചത്.