വോളൻ്റിയർ പരിശീലനത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി
തൃശ്ശൂർ: 64 മത് സംസ്ഥാന സ്കൂൾ കലോത്സവം ലോ ആൻ്റ് ഓർഡർ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2600 ഓളം വോളൻ്റിയർമാർക്ക് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നൽകും. ആദ്യ ഘട്ട പരിശീലനം കമ്മിറ്റി ചെയർമാൻ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടൗൺ ഈസ്റ്റ് ഇൻസ്പെക്ടർ ബിബിൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഫെറിൻ ജേക്കബ് കമ്മിറ്റിയുടെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ആദ്യഘട്ടം പരിശീലനം പൂർത്തിയാക്കിയ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ രണ്ടാം ഘട്ട പരിശീലനം കലോത്സവ വേദികളിൽ നവംബർ – ഡിസംബർ മാസങ്ങളിൽ നടക്കും. കലോത്സവ വേദികളായ വിദ്യാലയങ്ങളിലെ പി.ടി.എ അംഗങ്ങളെ ഏകോപിപ്പിച്ച് ജാഗ്രതാ സമിതികൾ രൂപീകരിക്കും.
പ്രാദേശിക ജനപ്രതിനിധികൾ ജാഗ്രതാ സമിതികൾക്ക് നേതൃത്വം നൽകും. ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി കലയാണ് ലഹരി എന്ന പ്രോഗാം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അവതരിപ്പിക്കും. കമ്മിറ്റി വൈസ് ചെയർമാൻ കെ.ജെ. മേജോ, മോഡൽ ഗേൾസ് എച്ച്.എസ്. പ്രധാന അധ്യാപിക ബിന്ദുകെ.പി, ജോയിൻ്റ് കൺവീനർമാരായ ജൂഡി ഇഗ്നേഷ്യസ്, പിങ്കി സുഗത് എന്നിവർ ആശംസകളർപ്പിച്ചു. സിറ്റി പോലീസിൻ്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.



