സാഹിത്യവും നാടകവും മാനവികതയുടെ ശബ്ദമാക്കണം: മന്ത്രി സജി ചെറിയാന്
തൃശ്ശൂർ: സാഹിത്യം കേവലം ആസ്വാദനത്തിനുള്ള ഉപാധി മാത്രമല്ല, അത് സാമൂഹിക വിമർശനത്തിനുള്ള മൂർച്ചയേറിയ ആയുധവുമാണെന്ന് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന് പറഞ്ഞു. ജനാധിപത്യമൂല്യങ്ങള് വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില് അതിനെതിരെ സാഹിത്യത്തെ ആയുധമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാഹിത്യ അക്കാദമിയുടെ 69-ാം വാർഷികാഘോഷവും 2024-ലെ പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വർഗീയതയും അസഹിഷ്ണുതയും ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന സങ്കീർണ്ണമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ സത്യം നിർഭയമായി വിളിച്ചുപറയാനും മാനവികതയുടെയും മതേതരത്വത്തിൻ്റെയും പക്ഷത്തുനിന്ന് സംസാരിക്കാനും എഴുത്തുകാർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും എഴുത്തുകാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും സാംസ്കാരിക സ്ഥാപനങ്ങളുടെ വളർച്ചയ്ക്കുമെല്ലാം സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ യുഗത്തിലെ വായനാരീതികളുടെ മാറ്റം, യുവതലമുറയെ സാഹിത്യത്തിലേക്ക് ആകർഷിക്കൽ, ആഗോള സാഹിത്യവുമായുള്ള സംവാദം തുടങ്ങിയ വിഷയങ്ങളെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിലും മലയാള സാഹിത്യത്തെ ലോകഭൂപടത്തിൽ കൂടുതൽ ശക്തമായി അടയാളപ്പെടുത്താൻ അക്കാദമിക്ക് സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. വരും തലമുറ മലയാളത്തെ ഉപേക്ഷിക്കുമോ എന്ന ആശങ്ക ഇന്നും നിലനിൽക്കുന്നുവെന്ന് സാഹിത്യ അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ഉപരിപഠനം, വിദേശജീവിതം, നവമാധ്യമങ്ങൾ തുടങ്ങിയവ മലയാളഭാഷയുടെ നിലനിൽപ്പിനെ വെല്ലുവിളിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഭാഷയെ വീണ്ടെടുക്കുക എഴുത്തുകാരുടെ പ്രാഥമികധർമ്മമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളീകരണം ഈ കാലത്തിൻ്റെ ഏറ്റവും വലിയ ഹിംസയാണെന്നും സാഹിത്യത്തിൻ്റെ ധർമ്മം നീതിബോധത്തിൻ്റെയും ലാവണ്യത്തിൻ്റെയും സമന്വയമാണെന്നും അദ്ദേഹം പറഞ്ഞു.
വിശിഷ്ടാംഗത്വം, സമഗ്ര സംഭാവന പുരസ്കാര ജേതാക്കൾക്ക് അവാർഡ് സമർപ്പിക്കുന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ. അധ്യക്ഷനായിരുന്നു. ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തി. എം.കെ. മനോഹരൻ പ്രശസ്തിപത്രം വായിച്ചു. വൈസ് പ്രസിഡൻ്റ് അശോകൻ ചരുവിൽ, വി.എസ്. ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി സി.പി. അബൂബക്കർ സ്വാഗതവും മാനേജർ പി.കെ. മിനി നന്ദിയും അറിയിച്ചു. സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളെ പങ്കെടുപ്പിച്ച് ‘ഭാഷയിലെ ഭാഷകൾ’ എന്ന വിഷയത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ സംവാദം നടന്നു. വൈകിട്ട് നടന്ന ചടങ്ങിൽ പ്രസിഡന്റ് സച്ചിദാനന്ദൻ അക്കാദമി അവാർഡുകളും എൻഡോവ്മെൻ്റ് അവാർഡുകളും സമർപ്പിച്ചു. അശോകൻ ചരുവിൽ അധ്യക്ഷനായിരുന്നു. അതേസമയം, നാടകത്തിനും നാടകകലാപ്രതിഭകൾക്കും സർക്കാർ വലിയ പ്രോത്സാഹനമാണ് നൽകുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 2024 സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ മറ്റെവിടെയും ഇല്ലാത്ത കലാകാരന്മാർക്കുള്ള പെൻഷനും ഇൻഷുറൻസും കേരളത്തിൽ സർക്കാർ നൽകുന്നുണ്ടെന്നും മൂന്ന് സ്ഥിരം തിയേറ്ററുകൾ സ്ഥാപിച്ച് നാടകങ്ങൾ ദിവസേന അവതരിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായും മന്ത്രി അറിയിച്ചു.
വിശ്വാസം, മൈത്രി, മാനവികത എന്നിവയെ ആസ്പദമാക്കി നല്ല നാടകങ്ങൾ സൃഷ്ടിക്കണമെന്നും അതിനുള്ള എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഡിസംബർ 20 മുതൽ 22 വരെ കൊച്ചിയിൽ ഇൻ്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവൽ സംഘടിപ്പിക്കാനിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖപ്രഭാഷണം നടത്തി. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. വൈസ് ചെയർപേഴ്സൺ പി.ആർ. പുഷ്പവതി ആശംസ അർപ്പിച്ചു. നിർവാഹക സമിതി അംഗം ടി.ആർ. അജയൻ സ്വാഗതവും സഹീർ അലി നന്ദിയും അറിയിച്ചു. 2024 ലെ സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് വിജയികളിൽ തൃശ്ശൂർ വള്ളുവനാട് ബ്രഹ്മയുടെ വാഴ്വേമായം മികച്ച നാടകത്തിനുള്ള അവാർഡും കോഴിക്കോട് രംഗഭാഷയുടെ മിഠായിതെരുവ് മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാർഡും നേടി. മികച്ച സംവിധായകനായി രാജേഷ് ഇരുളം (ഡ്രാക്കുള), മികച്ച നാടകകൃത്തായി മുഹാദ് വെമ്പായം (ലക്ഷ്മണരേഖ) എന്നിവരെ തെരഞ്ഞെടുത്തു. മികച്ച നടന് ജോണ്സണ് ഐക്കര, മികച്ച നടിയായി എന്.കെ. ശ്രീജ എന്നിവരും അവാർഡുകൾ നേടി.
മികച്ച സംഗീതസംവിധായകൻ എം.എസ്., മികച്ച ഗാനരചയിതാവ് രമേശ് കാവിൽ, മികച്ച ദീപസംവിധായകൻ ഗോപിനാഥ്, മികച്ച പശ്ചാത്തലസംഗീതസംവിധായകൻ അനിൽ മാള, മികച്ച ശബ്ദലേഖകൻ രാജേഷ് ഇരുളം, മികച്ച രംഗപടസംവിധായകൻ വിജയൻ കടമ്പേരി, മികച്ച വസ്ത്രാലങ്കാരവിദഗ്ധൻ വക്കം മാഹീൻ എന്നിവരും അവാർഡ് നേടി. കായംകുളം ദേവാകമ്മ്യൂണിക്കേഷൻസിൻ്റെ വനിതാമെസ്സ് നാടകത്തിന് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. സാഹിത്യത്തെയും നാടകത്തെയും സമൂഹമാറ്റത്തിൻ്റെയും മാനവിക മൂല്യങ്ങളുടെയും ശക്തമായ വേദികളാക്കി മാറ്റണമെന്ന് മന്ത്രി സജി ചെറിയാൻ ഇരുചടങ്ങുകളിലുമുള്ള പ്രസംഗങ്ങളിൽ ആഹ്വാനം ചെയ്തു.



