THRISSURUAE

ഇൻഷുറൻസ് രംഗത്ത് ഇരട്ട ബഹുമതിയോടെ തിളങ്ങി ബിജു പുളിക്കൽ

ദുബായ്: യു.എ.ഇ.യിലെ ഇൻഷുറൻസ് മേഖലയിലെ ഉന്നത നേട്ടങ്ങളാൽ തിളങ്ങി നിൽക്കുന്ന തൃശൂർ വലപ്പാട് സ്വദേശിയായ ബിജു പുളിക്കൽ, തുടർച്ചയായി രണ്ടു പ്രമുഖ ഇൻഷുറൻസ് കമ്പനികളിൽ നിന്നും അംഗീകാരം നേടി. ടോക്കിയോ മറൈൻ ഇൻഷുറൻസിൻ്റെ റീട്ടൈൽ ബിസിനസിലെ മികച്ച പെർഫോമർ പുരസ്‌കാരവും, ദുബായ് നാഷണൽ ഇൻഷുറൻസിൻ്റെ സിൽവർ കാറ്റഗറി പുരസ്‌കാരവും സ്വന്തമാക്കിയാണ് ബിജു പുളിക്കൽ ഇൻഷുറൻസ് മേഖലയിലെ മലയാളികളുടെ അഭിമാനമായി മാറിയത്.

ദുബായ് ഡൗൺടൗണിലെ കേമ്പിൻസ്കി ബൗളിവാർഡ് ഹോട്ടലിൽ നടന്ന ടോക്കിയോ മറൈൻ പുരസ്‌കാര വിതരണച്ചടങ്ങിലും ഷെയ്ഖ് സയ്ദ് റോഡിലുള്ള ദുബായ് നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിലും ആയിരുന്നു അവാർഡ് വിതരണം. കേരളത്തിൽ നിന്നുള്ള ഒരു യുവ ഇൻഷുറൻസ് സംരംഭകനു ഇത്തരം ഇരട്ട ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്ത് സ്റ്റാർ ഇൻഷുറൻസ് ബ്രോക്കേഴ്‌സിൻ്റെ ഡെപ്യൂട്ടി ജനറൽ മാനേജരും “സെക്യൂർ മി” ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്‌ഫോമിൻ്റെ സ്ഥാപകനുമാണ് ബിജു പുളിക്കൽ. വ്യാപാരരംഗത്തോടൊപ്പം കാരുണ്യ, സാംസ്‌കാരിക മേഖലകളിലും അദ്ദേഹം സജീവ സാന്നിധ്യമാണ്. “സെക്യൂർ മി ഇൻഷുറൻസ് സൊല്യൂഷൻ” യൂണിറ്റ് മാനേജരായ ശ്രീതി അദ്ദേഹത്തിൻ്റെ ഭാര്യയാണ്. മക്കൾ ദക്ഷ ബിജു, അഭിനി ബിജു. ദുബായിലെ സാംസ്‌കാരിക സംഘടനയായ ഓർമയുടെ സജീവ പ്രവർത്തകരുമാണ് കുടുംബം.