THRISSUR

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍

കൊടകര : ജില്ലാ വനിതാ ശിശു വികസന വകുപ്പ്, ജില്ലാ സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെൻ്റ് ഓഫ് വിമണ്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്ത്രീ സുരക്ഷാ നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ ആചരിക്കുന്ന ‘ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ 2025’ ഔട്ട് റീച്ച് പ്രോഗ്രാമിൻ്റെ ഭാഗമായാണ് കൊടകര സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസില്‍ ഏകദിന ബോധവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ. ഫാ. ഡോ. ജിനോ ജോണി മാളക്കാരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.ഇ.എസ്.എസ് എസ്.പി.സി തൃശ്ശൂര്‍ ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. എന്‍. റീന ജോണ്‍ ബോധവത്കരണ ക്ലാസ് നയിച്ചു. ക്ലാസില്‍ പോഷ് ആക്ട്, ഡി.വി ആക്ട്, സ്ത്രീധന നിരോധന നിയമം, ബാലവിവാഹ നിരോധന നിയമം, ടോക്‌സിക് റിലേഷന്‍ഷിപ്, സൈബര്‍ അതിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍, ഡിജിറ്റല്‍ അതിക്രമങ്ങള്‍, ഓണ്‍ലൈന്‍ സുരക്ഷ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിശദീകരണം നല്‍കി.

വനിതാ ശിശു വികസന വകുപ്പ് മിഷന്‍ ശക്തി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.ഡി വിന്‍സെൻ്റ് ആമുഖ പ്രസംഗം നടത്തി. ഇക്വല്‍ ഓപ്പര്‍ച്ച്യൂണിറ്റി സെല്‍ സ്റ്റുഡൻ്റ് കോര്‍ഡിനേറ്റര്‍ കുറേന്‍ ജോഷി, മിഷന്‍ ശക്തിയിലെ ഫിനാന്‍ഷ്യല്‍ ലിറ്ററസി സ്‌പെഷ്യലിസ്റ്റ് ബി.എസ് സുജിത്ത്, ഈക്വല്‍ ഓപ്പര്‍ച്ച്യുണിറ്റി സെല്‍ ജോയിൻ്റ് കോര്‍ഡിനേറ്റര്‍ അലീഷ എസ്. ഡീന്‍ എന്നിവര്‍ പങ്കെടുത്തു.

ജീവനക്കാര്‍ക്കായി നിയമ ബോധവത്കരണ ക്ലാസ്സ് നാളെ

ഓറഞ്ച് ദി വേള്‍ഡ് കാമ്പയിനിൻ്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസ് നാളെ ഏകദിന നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. രാവിലെ 10 ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ബോധവത്കരണ പരിപാടി അസിസ്റ്റൻ്റ് കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. മീര അധ്യക്ഷത വഹിക്കും.

പോഷ് ആക്ട്, ഡി.വി ആക്ട്, ചൈല്‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ആക്ട്, ഡൗറി പ്രോഹിബിഷന്‍ ആക്ട്, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ ആക്രമണം എന്നീ വിഷയത്തില്‍ ക്ലാസുകള്‍ നടക്കും. സൈബര്‍ സെല്‍ എസ്.ഐ. ടി.ഡി. ഫീസ്റ്റോ, ടി.എല്‍.എസ്.സി. പാനല്‍ അഡ്വക്കേറ്റ് ടി.കെ. അര്‍ച്ചന എന്നിവര്‍ ക്ലാസുകള്‍ നയിക്കും.